സുപ്രിം കോടതി വിധിക്ക് ശേഷം 9 യുവതികള്‍ മല ചവിട്ടിയെന്ന് റിപ്പോര്‍ട്ട്
മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും മല കയറി. റിപ്പോര്‍ട്ട് പൊലീസ് സര്‍ക്കാറിന് കൈമാറും.

സുപ്രീം കോടതി വിധി വന്ന ശേഷം ശബരിമലയിൽ 9യുവതികൾ ദർശനം നടത്തിയതായി പേലീസ് റിപ്പോർട്ട്. ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുളളവരാണ് ദർശനം നടത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കും.
ബിന്ദു, കനക ദുർഗ, ശശികല എന്നീ യുവതികൾ സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയിൽ ദർശനം നടത്തിയെന്നാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ ഇവർക്ക് മുമ്പും ശേഷവുമായി മറ്റ് ആറ് യുവതികൾ കൂടി ദർശനം നടത്തിയതായാണ് പോലീസ് നൽകുന്ന വിവരം. ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ സംഘത്തിലുളള യുവതികളാണ് ദർശനം നടത്തിയത്. മൂന്ന് ദിവസം മുമ്പ് മലേഷ്യയിൽ നിന്നെത്തിയ 25അംഗ സംഘത്തിലെ മൂന്ന് യുവതികൾ മല കയറിയതായി പോലീസ് വ്യക്തമാക്കുന്നു. ഇവരിൽ മലയാളികളും ഉൾപ്പെടും.
ഇവരുടെയെല്ലാം പ്രായവും മലകയറിയ തിയ്യതിയും സമയവും ദൃശ്യങ്ങളുമടങ്ങുന്ന വിവരം സുപ്രീംകോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. കൂടുതൽ യുവതികൾ കയറിയിട്ടുണ്ടാകാമെന്ന് മന്ത്രി ഇ.പി ജയരാജനും പറഞ്ഞു.
യുവതികൾ ദർശനം നടത്തിയത് സംബന്ധിച്ച് സർക്കാറിനും പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും മാത്രമേ അറിവുണ്ടായിരുന്നുളളു. വരും ദിവസങ്ങളിലും കൂടുതൽ യുവതികൾ ദർശനം നടത്തുമെന്നും പോലീസ് വൃത്തങ്ങൾ സൂചന നൽകുന്നു.
Adjust Story Font
16

