Quantcast

പേരാമ്പ്രയില്‍ സി.പി.എം പ്രവര്‍ത്തകര്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ലഹളയുണ്ടാക്കാനെന്ന് പൊലീസ്

ഇരുപതോളം സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    6 Jan 2019 2:15 PM IST

പേരാമ്പ്രയില്‍ സി.പി.എം പ്രവര്‍ത്തകര്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ലഹളയുണ്ടാക്കാനെന്ന് പൊലീസ്
X

കോഴിക്കോട് പേരാമ്പ്രയില്‍ സി.പി.എം പ്രവര്‍ത്തകര്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ലഹളയുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയെന്ന് പൊലീസ്. കരുതിക്കൂട്ടിയാണ് സി.പി.എം പ്രവര്‍ത്തകര്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞത്. ഇരുപതോളം സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എഫ്.ഐ.ആറിന്റെ പകര്‍പ്പ് മീഡിയവണിന്.

ഹര്‍ത്താല്‍ ദിനത്തില്‍ വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത് എത്തിയതിനെ തുടര്‍ന്ന് പേരാമ്പ്ര - വടകര റോഡ് കവലയില്‍ സംഘര്‍ഷം ഉടലെടുത്തു. ഇതിനിടയിലായിരുന്നു പേരാമ്പ്രയിലെ ജുമാ മസ്ജിദിലും കല്ല് പതിച്ചത്. ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും മുന്‍ എസ്.എഫ്.ഐ ജില്ലാ നേതാവുമായ അതുല്‍ദാസിനെ പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നതിനുള്ള 153 എ വകുപ്പ് ചുമത്തിയാണ് പോലീസ് റിമാന്റ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി കൂടിയാണിയാള്‍.

സംഘര്‍ഷത്തിനിടെ ലീഗ് പഞ്ചായത്ത് കമ്മറ്റി ഓഫീസിന് നേരെയും കല്ലേറുണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. മുസ്‍ലിം ലീഗ് ഓഫീസിന് നേരെയെറിഞ്ഞ കല്ല് തട്ടിത്തെറിച്ച് പള്ളിയുടെ തൂണില്‍ പതിച്ചതാണെന്ന സി.പി.എം വാദവും പൊലീസ് തള്ളി.

എഫ്.ഐ.ആറിന്‍റെ പകര്‍പ്പ്

TAGS :

Next Story