ഹര്‍ത്താല്‍ അക്രമങ്ങളുടെ പേരില്‍ സര്‍ക്കാരും എന്‍.എസ്.എസും നേര്‍ക്കുനേര്‍
കലാപം ഉണ്ടാക്കുന്നതിന് പിന്നില്‍ സര്‍ക്കാരാണെന്നും അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ പാര്‍ട്ടി നയം നടപ്പാക്കുകയാണെന്നും എന്‍.എസ്.എസ്. വിശ്വാസം സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് കടകംപള്ളി

ശബരിമല സംഘര്‍ഷങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി വീണ്ടും എന്‍.എസ്.എസ്. സംസ്ഥാനത്ത് കലാപം ഉണ്ടാക്കുന്നതിന് പിന്നില്‍ സര്‍ക്കാരാണ്. ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ പാര്‍ട്ടി നയം നടപ്പാക്കുകയാണെന്നും ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ആരോപിച്ചു. കലാപത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവനയായിപ്പോയി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടേതെന്ന് മന്ത്രി കടംപള്ളി സുരേന്ദ്രന്‍ തിരിച്ചടിച്ചു.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ വ്യാപക അക്രമമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. എന്നാല്‍ സംസ്ഥാനത്ത് കലാപം ഉണ്ടാക്കുന്നത് സര്‍ക്കാരാണെന്നാണ് എന്‍.എസ്.എസ് പറയുന്നത്. സമാധാനപരമായി പരിഹരിക്കേണ്ട ശബരിമല വിഷയം സര്‍ക്കാര്‍ സങ്കീര്‍ണമാക്കി. സുപ്രീംകോടതിയുടെ മറവില്‍ നവോത്ഥാനം പറഞ്ഞ് ആചാരങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എന്‍.എന്‍.എസ് കുറ്റപ്പെടുത്തി.
വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ വിശ്വാസികള്‍ അത് നടപ്പാക്കിയാല്‍ തെറ്റുപറയാനാകില്ല. അതിന് രാഷ്ട്രീയ നിറം നല്‍കി പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ശ്രമം ശരിയല്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നു.
വിശ്വാസം സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കി. യഥാര്‍ഥ വിശ്വാസികള്‍ക്ക് സര്‍ക്കാരിന്റെ നടപടികളില്‍ അസംതൃപ്തിയില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Adjust Story Font
16

