Quantcast

മിഠായിത്തെരുവ് അക്രമം; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരികള്‍

ഹര്‍ത്താല്‍ ദിവസം എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതു കൊണ്ട് മാത്രമാണ് കടകള്‍ തുറന്നതെന്നും ഇവര്‍ പറയുന്നു.

MediaOne Logo

Web Desk

  • Published:

    6 Jan 2019 5:36 AM GMT

മിഠായിത്തെരുവ് അക്രമം; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരികള്‍
X

കോഴിക്കോട് മിഠായിത്തെരുവില്‍ സംഘപരിവാര്‍ സംഘടനകള്‍ അടിച്ച് തകര്‍ത്ത വ്യാപാരസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സംരക്ഷണം നല്‍കാമെന്ന് പറഞ്ഞ പൊലീസ്, അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയപ്പോള്‍ അവരെ പിടികൂടാന്‍ പൊലീസ് ഒന്നും ചെയ്തില്ലെന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്ന കാര്യങ്ങളാണ് കടയുടമ പറയുന്നത്. ഹര്‍ത്താല്‍ ദിവസം എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതു കൊണ്ട് മാത്രമാണ് കടകള്‍ തുറന്നതെന്നും ഇവര്‍ പറയുന്നു. അതുകൊണ്ട് സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യാപാരികളുടെ നിലപാട്.

അടിച്ച് തകര്‍ത്ത കടകളെല്ലാം വ്യാപാരികള്‍ സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് അറ്റകുറ്റപണി നടത്തിയിട്ടുണ്ട്. ഇന്നലെ തഹസില്‍ദാര്‍ കടകളിലെത്തി നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. കളക്ടര്‍ അത് സര്‍ക്കാരിന് കൈമാറും. അതിന് ശേഷം നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരായിരിക്കും അന്തിമതീരുമാനം എടുക്കുക.

TAGS :

Next Story