Quantcast

പ്രക്ഷോഭത്തില്‍ സ്വകാര്യ മുതൽ നശിപ്പിച്ചാലും ഇനി കടുത്ത ശിക്ഷ; സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കല്‍ തടയല്‍ ഓര്‍ഡിനന്‍സ് കേരളം പുറത്തിറക്കി 

അക്രമത്തിന് നേതൃത്വം നല്‍കുന്നവരില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സെന്ന് മുഖ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    7 Jan 2019 6:13 PM IST

പ്രക്ഷോഭത്തില്‍ സ്വകാര്യ മുതൽ നശിപ്പിച്ചാലും ഇനി കടുത്ത ശിക്ഷ; സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കല്‍ തടയല്‍ ഓര്‍ഡിനന്‍സ് കേരളം പുറത്തിറക്കി 
X

പ്രക്ഷോഭങ്ങളില്‍ സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിനു തുല്യമാക്കി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. വീടുകൾ, പാര്‍ട്ടി ഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവക്കെതിരായ അക്രമം തടയാനാണ് സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കല്‍ തടയല്‍ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അക്രമത്തിന് നേതൃത്വം നല്‍കുന്നവരില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല കര്‍മ്മസമിതി കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലില്‍ വീടുകൾ, പാര്‍ട്ടി ഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ വ്യാപകമായ അക്രമമാണ് നടന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടി സ്വകരിക്കുന്ന ഓര്‍ഡിനന്‍സിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഇതോടെ പാര്‍ട്ടി ഓഫീസുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ പൊതുമുതല്‍ നശീകരണമായി കണക്കാക്കും.

സ്ഫോടകവസ്തുക്കളോ തീയോ ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കുന്നവര്‍ക്ക് ജീവപര്യന്തം വരെ തടവോ അല്ലെങ്കില്‍ പത്തുവര്‍ഷം വരെ തടവും പിഴയുമോ വിധിക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമത്തില്‍ പറയുന്ന കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വത്തുക്കള്‍ക്കുണ്ടായ നഷ്ടത്തിന്റെ പകുതി തുക ബാങ്ക് ഗ്യാരന്‍റി നല്‍കിയാലോ, കോടതിയില്‍ പണം കെട്ടിവെച്ചാലോ മാത്രമേ ജാമ്യം ലഭിക്കൂ. സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടുപ്രകാരമായിരിക്കും സ്വത്തുക്കളുടെ നഷ്ടം കോടതി കണക്കാക്കുക.

TAGS :

Next Story