സീറോ മലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ സിനഡ് തീരുമാനം
സഭാ സ്ഥാപനങ്ങളിലും കന്യാസ്ത്രീ മഠങ്ങളിലും സുരക്ഷിത ജോലി സാഹചര്യം ഉറപ്പാക്കണമെന്നും സിനഡ് നിര്‍ദേശം

സീറോ മലബാര്‍ സഭയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപവത്കരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സിനഡില്‍ തീരുമാനം. സഭയ്ക്കകത്തും നിന്നും പുറത്തുനിന്നും സഭയ്‌ക്കെതിരായി ഉയരുന്ന പരാതികള്‍ സമിതി പരിഹരിക്കും. സഭാ വിശ്വാസികള്‍ക്കും പ്രാതിനിധ്യമുള്ള സമിതി വരുന്നതോടെ മഠങ്ങളിലടക്കം സുരക്ഷിതമായ ജോലി സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നാണ് സിനഡിന്റെ നിഗമനം.
ഭൂമി വിവാദവും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതിയുമടക്കം സഭയെ പ്രതിക്കൂട്ടിലാക്കിയതിനെ തുടര്‍ന്നാണ് പരാതികള്‍ പരിഹരിക്കാന്‍ ആഭ്യന്തര പരാതി പരിഹാരസമിതി രൂപീകരിക്കാന്‍ സിനഡില്‍ തീരുമാനമെടുത്തത്. ഓരോ രൂപതകളും എത്രയും വേഗം സമിതികള്‍ക്ക് രൂപം നല്‍കണം. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണം. ഇതോടെ സഭക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ പ്രാഥമികഘട്ടത്തില്‍ തന്നെ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് സഭ കരുതുന്നത്‍.
സഭയുടെ കീഴില്‍ വരുന്ന പള്ളികളിലും സ്ഥാപനങ്ങളിലും മഠം ഉള്‍പ്പെടെയുള്ള സന്യസ്തഭവനങ്ങളിലും സുരക്ഷിതമായ ജോലി ചെയ്യാനുള്ള സാഹചര്യം ഇതോടെ സംജാതമാകുമെന്നാണ് സഭയുടെ നിലപാട്. കെ.സി.ബി.സി പുറപ്പെടുവിച്ച രേഖകളാണ് നയരൂപീകരണത്തിന് ആധാരം. സീറോ മലബാര്‍ സഭയിലെ 55 മെത്രാന്മാര്‍ പങ്കെടുക്കുന്ന സിനഡ് ഈ മാസം 18 വരെ നീളും.
Adjust Story Font
16

