209 തടവുകാരെ മോചിപ്പിച്ച 2011ലെ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി
കെ.ടി ജയകൃഷ്ണന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് സര്‍ക്കാര്‍ വിട്ടയച്ചത്. ഗവർണർ പുനപരിശോധിക്കണമെന്നും ആറ് മാസത്തിനകം വിശദാംശങ്ങൾ നൽകണമെന്നും ഹൈക്കോടതി

ശിക്ഷാകാലാവധി പൂര്‍ത്തിയാക്കും മുന്‍പ് 209 തടവുകാരെ മോചിപ്പിച്ച 2011ലെ വി.എസ് സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കെ.ടി ജയകൃഷ്ണന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് സര്‍ക്കാര്‍ വിട്ടയച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഗവർണർ പുനപരിശോധിക്കണമെന്നും ആറ് മാസത്തിനകം വിശദാംശങ്ങൾ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കണ്ണൂർ സെന്‍ട്രൽ ജയിലിൽ നിന്നു വിട്ടയച്ച 39 തടവുകാരില്‍ ഭൂരിഭാഗം പേരും കൊലക്കേസ് പ്രതികളായ സി.പി.എം പ്രവർത്തകരായിരുന്നു. യുവമോർച്ച നേതാവ് കെ.ടി ജയകൃഷ്ണനെ വധിച്ച കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സി.പി.എം പ്രവർത്തകൻ അച്ചാരുപറമ്പത്ത് പ്രദീപൻ അടക്കം 209 പേരെയാണ് വിവിധ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചത്.
ചീമേനി തുറന്ന ജയിൽ നിന്ന് 24 പേരെയും തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് 28 പേരെയും നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് 111 പേരെയും വിയ്യൂർ ജയിലിൽ നിന്ന് ഏഴ് പേരെയുമാണ് വിട്ടയച്ചത്. ശിക്ഷായിളവ് ചോദ്യം ചെയ്ത്, കൊലക്കേസില്‍ 20 വര്‍ഷത്തിലേറെ ജയിലില്‍ കഴിയേണ്ടിവന്ന മെല്‍വിന്‍ പാദുവയുടെ ഭാര്യയാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ കൊലക്കത്തിക്ക് ഇരയായവരുടെ ബന്ധുക്കളും കേസില്‍ കക്ഷിചേര്‍ന്നു.
ഭരണഘടനയുടെ 161ആം വകുപ്പു പ്രകാരം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു എ.ജിയുടെ വാദം. മോചിപ്പിക്കപ്പെട്ടവരില്‍ 14 വർഷത്തെ ശിക്ഷ അനുഭവിക്കേണ്ടവർ എത്ര പേരുണ്ടെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. ഓരോ പ്രതിയും എത്രകാലം ജയില്‍ ശിക്ഷ അനുഭവിച്ചു, നിലവില്‍ ജയില്‍ മോചിതരായവരുടെ സാമൂഹിക സ്ഥിതി, പെരുമാറ്റം എന്നിവ വിശദമായി അന്വേഷിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Adjust Story Font
16

