Quantcast

പൊന്മന; ഇത് ഖനനം തുടച്ചു നീക്കിയ ഗ്രാമം

കരിമണല്‍ ഖനനത്തിനായി കെ.എം.എം.എല്‍ ഏറ്റെടുത്ത ഇവിടം ജനവാസമില്ലാതെ മരുഭൂമി പോലെയായി

MediaOne Logo

Web Desk

  • Published:

    12 Jan 2019 9:11 AM IST

പൊന്മന; ഇത് ഖനനം തുടച്ചു നീക്കിയ ഗ്രാമം
X

ജനിച്ച മണ്ണില്‍ ജീവിക്കണമെന്ന ആവശ്യവുമായാണ് ആലപ്പാട്ടുകാര്‍ സമരം ചെയ്യുന്നത്. എന്നാല്‍ കരിമണല്‍ ഖനനം മൂലം ഇല്ലാതായ ഒരു ഗ്രാമം തന്നെ കൊല്ലത്തുണ്ട്. പന്മന പഞ്ചായത്തിലെ പൊന്മനയെന്ന ഗ്രാമത്തില്‍ നിന്നൊഴിഞ്ഞുപോയത് ആയിരത്തിലധികം കുടുംബങ്ങളാണ്.

മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന തീരദേശ ഗ്രാമമായിരുന്നു പൊന്മന. വള്ളങ്ങളും വലകളുമൊക്കെ നിറഞ്ഞിരുന്ന തീരം. ഇന്ന് പക്ഷേ ആ കാഴ്ചയൊന്നും ഇവിടില്ല. വിശാലമായി കിടന്ന തീരം കടലെടുത്തുപോയി. ഖനനസ്ഥലങ്ങളില്‍ മണലിട്ട് പൂര്‍വ്വസ്ഥിതിയിലാക്കണമെന്നാണ് ചട്ടം. ഇത് പാലിക്കാത്തതിനാല്‍ കടല്‍ കരയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ദിവസം ചെല്ലും തോറും കടല്‍ കായലിനോട് അടുത്തുകൊണ്ടിരിക്കുന്നു.

കരിമണല്‍ ഖനനത്തിനായി കെ.എം.എം.എല്‍ ഏറ്റെടുത്ത ഇവിടം ജനവാസമില്ലാതെ മരുഭൂമി പോലെയായി. ഭൂമി നഷ്ടപ്പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് സ്ഥിരംജോലി നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. പക്ഷേ ജോലി പോലും കിട്ടാത്ത പൊന്മനക്കാര്‍ നിരവധിയാണ്. ജനിച്ച മണ്ണില്‍ ജീവിക്കാനാണ് ആലപ്പാട്ടുകാരുടെ സമരമെങ്കില്‍ പൊന്മനക്കാര്‍ക്ക് ആ ഭൂമിപോലും നഷ്ടപ്പെട്ടിരിക്കുന്നു.

പത്തില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് പന്മനയില്‍ അവശേഷിക്കുന്നത്. അശാസ്ത്രീയമായ കരിമണല്‍ ഖനനം ഇവരുടെ ഉറക്കവും കെടുത്തുകയാണ്.

TAGS :

Next Story