Quantcast

പാലക്കാട് മുന്നണികള്‍ പരിഗണിക്കുന്നത് ഇവരെ..

തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ചവര്‍ മത്സരരംഗത്തു നിന്ന് മാറി നില്‍ക്കുകയെന്ന സംഘടനാ തീരുമാനം എം.ബി രാജേഷിന്റെ കാര്യത്തില്‍ സി.പി.എം കര്‍ശനമായി നടപ്പാക്കുമോ എന്നതാണ് മണ്ഡലത്തില്‍ ഉയരുന്ന പ്രധാന ചോദ്യം

MediaOne Logo

Web Desk

  • Published:

    17 Jan 2019 4:10 PM GMT

പാലക്കാട് മുന്നണികള്‍ പരിഗണിക്കുന്നത് ഇവരെ..
X

തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച എം.ബി രാജേഷ് ഇത്തവണയും മത്സര രംഗത്തുണ്ടാവുമോ എന്നതാണ് പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ച. ഇത്തവണ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കാതെ പാലക്കാട് സീറ്റില്‍ മത്സരിക്കുമെന്ന വാശിയിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ എന്‍.ഡി.എയും വലിയ പ്രതീക്ഷയിലാണ്.

തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ചവര്‍ മത്സരരംഗത്തു നിന്ന് മാറി നില്‍ക്കുകയെന്ന സംഘടനാ തീരുമാനം എം.ബി രാജേഷിന്റെ കാര്യത്തില്‍ സി.പി.എം കര്‍ശനമായി നടപ്പാക്കുമോ എന്നതാണ് മണ്ഡലത്തില്‍ ഉയരുന്ന പ്രധാന ചോദ്യം. പാര്‍ലമെന്റിലെ സീനിയോറിറ്റിയും പ്രകടനവും മണ്ഡലത്തിലെ പ്രവര്‍ത്തനവും കണക്കിലെടുത്ത് രാജേഷിന് പാര്‍ട്ടി ഇളവു നല്‍കിയേക്കുമെന്ന നിഗമനമാണ് മണ്ഡലത്തില്‍ പൊതുവേ ഉള്ളത്. വികസന നേട്ടങ്ങളും രാഷ്ട്രീയ നിലപാടുകളുമാണ് മണ്ഡലത്തില്‍ ഇടതു മുന്നണിയെ തുണക്കുകയെന്നാണ് രാജേഷിന്റെ അഭിപ്രായം. എന്നാല്‍ ദേശീയ നേതാക്കളെ ആരെയെങ്കിലും പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വത്തില്‍ എത്തിക്കുന്നതിനായി സുരക്ഷിത മണ്ഡലമെന്ന നിലയില്‍ പാലക്കാട് ഉപയോഗിക്കുമെന്ന ചര്‍ച്ചയും സി.പി.എമ്മില്‍ നിന്ന് പുറത്തുവരുന്നുണ്ട്.

ഘടക കക്ഷികള്‍ക്ക് വിട്ടു കൊടുക്കാതെ മത്സര രംഗത്തുണ്ടാവുമെന്ന് ഉറപ്പിച്ചു പറയുന്ന കോണ്‍ഗ്രസില്‍ ഡി.സി.സി അദ്ധ്യക്ഷന്‍ വി.കെ ശ്രീകണ്ഠന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പട്ടികയിലെ സാമുദായിക സമവാക്യങ്ങള്‍ ശ്രീകണ്ഠന് പ്രതികൂലമാണെന്നതിനാല്‍ ഒ.ബി.സി സെല്‍ അദ്ധ്യക്ഷന്‍ സുമേഷ് അച്യുതനും അവകാശവാദവുമായി രംഗത്തുണ്ടാവും. വിജയ സാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്പിലിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും നിയമസഭാ സീറ്റ് ബലികഴിച്ച് അങ്ങനെയൊരു പരീക്ഷണത്തിന് കോണ്‍ഗ്രസ് മുതിരാനിടയില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാടും മലമ്പുഴയിലും മികച്ച പോരാട്ടം നടത്തി രണ്ടാമതെത്തിയ ശോഭ സുരേന്ദ്രനും സി കൃഷ്ണകുമാറുമാണ് ബി.ജെ.പിയുടെ പരിഗണനയിലുള്ളത്.

TAGS :

Next Story