Quantcast

വൈദികരെയും കന്യാസ്ത്രീകളെയും നിയന്ത്രിക്കാന്‍ മാര്‍ഗരേഖയുമായി സീറോ മലബാര്‍ സഭ സിനഡ്

വൈദികരും കന്യാസ്ത്രീകളും നടത്തിയ പ്രത്യക്ഷ സമരങ്ങളും പ്രതിഷേധങ്ങളും അച്ചടക്കത്തിന്റെ സകലസീമകളും ലംഘിച്ചതായി സഭ സിനഡ്

MediaOne Logo

Web Desk

  • Published:

    18 Jan 2019 7:30 PM IST

വൈദികരെയും കന്യാസ്ത്രീകളെയും നിയന്ത്രിക്കാന്‍ മാര്‍ഗരേഖയുമായി സീറോ മലബാര്‍ സഭ സിനഡ്
X

വൈദികരെയും കന്യാസ്ത്രീകളെയും നിയന്ത്രിക്കാന്‍ മാര്‍ഗരേഖ നടപ്പിലാക്കാന്‍ സീറോ മലബാര്‍ സഭ സിനഡ് തീരുമാനം. വൈദികരും കന്യാസ്ത്രീകളും നടത്തിയ പ്രത്യക്ഷ സമരങ്ങളും പ്രതിഷേധങ്ങളും അച്ചടക്കത്തിന്റെ സകലസീമകളും ലംഘിച്ചതായി സഭ സിനഡ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗരേഖ നടപ്പില്‍ വരുത്തുന്നത്.

സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് സഭയിലുണ്ടായിരിക്കുന്ന അച്ചടക്കരാഹിത്യങ്ങള്‍ പരിഹരിക്കാനാണ് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മാര്‍ഗരേഖ നടപ്പിലാക്കുന്നതെന്നാണ് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കുന്നത്. സഭയിലെ ഭൂരിപക്ഷം വൈദികരും കന്യാസ്ത്രീകളും തികഞ്ഞ അച്ചടക്കത്തോടെയാണ് കഴിയുന്നത്.

എന്നാല്‍ ഒരു വിഭാഗം വൈദികരും കന്യാസ്ത്രീകളും അച്ചടക്കത്തിന്റെ സകലസീമകളും ലംഘിക്കുന്നു. അവര്‍ വൈദികരോ കന്യാസ്ത്രീകളോ ആയി തുടരുന്നിടത്തോളം കാലം സഭയുടെ അച്ചടക്കം പാലിക്കണം. പൊതുസമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടുന്ന വൈദികരും കന്യാസ്ത്രീകളും കാനോനിക നിയമം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ അത് ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കും.

അച്ചടക്ക നടപടി മാധ്യമങ്ങളുടെ പിന്തുണയോടെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് സഭ വഴങ്ങില്ല. ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും പങ്കെടുക്കാന്‍ രൂപതാ അധ്യക്ഷന്റെയോ മേജര്‍ സുപ്പീരിയറുടെയോ അനുമതി വേണം. അല്ലാത്ത പക്ഷം അതും അച്ചടക്കലംഘനമായി കണക്കാക്കും.

ഇത്തരത്തില്‍ സഭക്കെതിരായി സഭക്കുള്ളില്‍ നിന്നുയരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്താനുള്ള തീരുമാനങ്ങള്‍ എടുത്താണ് സിനഡ് സമാപിക്കുന്നത്. സഭക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ പരിഹരിക്കാന്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കാനും സഭക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും സിനഡില്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ജനുവരി 7 ന് ആരംഭിച്ച സിനഡ് ഇന്ന് വൈകിട്ട് നടന്ന പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് അവസാനിച്ചത്.

TAGS :

Next Story