കാരാട്ട് റസാഖിനെ വീഴ്ത്തിയ വിവാദ വീഡിയോ കാണാം
കീഴ്കോടതി തീര്‍പ്പാക്കിയ ഒരു കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചേര്‍ത്ത് എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഡോക്യുമെന്‍ററി തയ്യാറാക്കി പ്രചരിപ്പിച്ചുവെന്നായിരുന്നു കാരാട്ട് റസാഖിനെതിരായ പരാതി

കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ ചെയ്തെന്ന പരാതി പരിഗണിച്ചാണ്. കീഴ്കോടതി തീര്‍പ്പാക്കിയ ഒരു കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചേര്‍ത്ത് എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഡോക്യുമെന്‍ററി തയ്യാറാക്കി പ്രചരിപ്പിച്ചുവെന്നും ഡോക്യുമെന്‍ററിയുടെ ചെലവ് സ്ഥാനാര്‍ത്ഥി മറച്ചുവെച്ചുവെന്നും കോടതി കണ്ടെത്തി.
കൊടുവള്ളി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്‍ലിം ലീഗ് സ്ഥാര്‍ത്ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്തെന്നാരോപിച്ച് വോട്ടര്‍മാരായ കെ.പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കാരാട്ട് റസാഖിന്‍റെ തെരഞ്ഞെുപ്പ് ജയം റദ്ദാക്കിയത്. റസാഖ് മാസ്റ്ററെ വ്യക്തിപരമായി ആക്ഷേപിച്ചുവെന്ന ആരോപണം ശരിവെയ്ക്കുന്ന രീതിയിലുളള സാക്ഷിമൊഴികളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
എന്നാല്‍ താന്‍ ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു. അതേസമയം തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം കോടതി ശരിവെച്ചുവെന്നും വ്യക്തിഹത്യയാണ് നടന്നതെന്നും ഹരജിക്കാരന്‍റെ അഭിഭാഷകന്‍ പറഞ്ഞു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനായി സ്റ്റേ അനുവദിക്കണമെന്ന എം.എല്‍.എയുടെ ആവശ്യം കോടതി അംഗീകരിച്ചു. 30 ദിവസത്തേക്ക് സ്റ്റേ അനുവദിച്ച കോടതി, എം.എല്‍.എ എന്ന രീതിയില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും വ്യക്തമാക്കി.
Adjust Story Font
16

