സംവരണ അട്ടിമറി; ശ്രീചിത്രയില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍റെ സന്ദര്‍ശനം
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംവരണ അട്ടിമറി നേരിട്ട് പരിശോധിക്കാന്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍റെ തീരുമാനം.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംവരണ അട്ടിമറി നേരിട്ട് പരിശോധിക്കാന്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍റെ തീരുമാനം. ദേശീയ പട്ടിക ജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഈ മാസം 12ന് ശ്രീചിത്രയിലെത്തും. കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറിയോടും അന്നേ ദിവസം ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടത്തിയ ഗ്രൂപ്പ് എ നിയമനത്തില്‍ സംവരണം പാലിച്ചില്ലെന്ന് കാണിച്ച് നിരവധി പരാതികള്‍ ദേശീയ പട്ടികജാതി കമ്മീഷന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ തിരുവനന്തപുരത്ത് തെളിവെടുപ്പ് വെച്ചെങ്കിലും ശ്രീചിത്ര ഡയറക്ടര്‍ ഉള്‍പ്പെടെ പ്രധാന ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനെത്തിയില്ല. തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നിയമന കണക്കുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട കമ്മീഷന്‍ ശ്രീചിത്ര സന്ദര്‍ശിക്കുമെന്നും അറിയിച്ചു.
ഡിസംബറില്‍ സന്ദര്‍ശനം ആദ്യം തീരുമാനിച്ചെങ്കിലും അത് വൈകി. ഇതിനിടെ പുതിയ നിയമന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് നേരത്തെ തീരുമാനിച്ച സന്ദര്‍ശം നടത്താന്‍ പട്ടിക ജാതി കമ്മീഷന്‍ തീരുമാനിച്ചത്. ഈ മാസം 12നാണ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍ ചിത്രയിലെത്തുക. അന്നേദിവസം ചിത്രയില്‍ ഹാജരാകണമെന്ന് കാണിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിക്കും കമ്മീഷന്‍ കത്തയച്ചിട്ടുണ്ട്.
ചിത്ര ഡയറക്ടര്‍ക്കും പരാതിക്കാര്‍ക്കും കമ്മീഷന്‍റെ കത്ത് ലഭിച്ചു. ദേശീയ പട്ടിക ജാതി കമ്മീഷന് മുന്നില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നിയമന കണക്കുകളും ചിത്ര അധികൃതര്‍ക്ക് ഹാജരാക്കേണ്ടി വരും. പരാതിക്കാരോടും അന്നേദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീചിത്രയിലെ സംവരണ അട്ടിമറി അവസാനിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇടപെടലായാണ് ദേശീയ പട്ടിക ജാതി കമ്മീഷന്‍റെ സന്ദര്‍ശനത്തെ സംവരണ മേഖലയിലെ വിദഗ്ധര്‍ കാണുന്നത്.
Adjust Story Font
16

