Quantcast

കുടുംബശ്രീ പദ്ധതി ആദ്യം വിജയകരമായി നടപ്പാക്കിയത് മലപ്പുറത്ത്

1994ല്‍ സാമൂഹ്യാധിഷ്ഠിത പോഷകാഹാര ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്ന പേരില്‍ മലപ്പുറത്ത് തുടങ്ങിയ പദ്ധതി പിന്നീട് കുടുംബശ്രീ ആയി മാറുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    11 Feb 2019 9:16 AM IST

കുടുംബശ്രീ പദ്ധതി ആദ്യം വിജയകരമായി നടപ്പാക്കിയത് മലപ്പുറത്ത്
X

ലോകശ്രദ്ധയാകര്‍ഷിച്ച കുടുംബശ്രീ പദ്ധതി ആദ്യം വിജയകരമായി നടപ്പാക്കിയത് മലപ്പുറത്താണ്. 1994ല്‍ സാമൂഹ്യാധിഷ്ഠിത പോഷകാഹാര ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്ന പേരില്‍ മലപ്പുറത്ത് തുടങ്ങിയ പദ്ധതി പിന്നീട് കുടുംബശ്രീ ആയി മാറുകയായിരുന്നു.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ കൂട്ടായ്മയുണ്ടാക്കി അവരെ സ്വയംപര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ പദ്ധതി ഇന്ന് ലോകനിലവാരത്തിലുള്ള ഒരു വികസന മാതൃകയാണ്. 1994ല്‍ മലപ്പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമിട്ട് തുടങ്ങിയ സാമൂഹ്യധിഷ്ഠിത പോഷകാഹാര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയാണ് കുടുംബശ്രീയുടെ ആദ്യ രൂപം. വാര്‍ഡുകളില്‍ അയല്‍ക്കൂട്ടങ്ങളും അവക്ക് മുകളില്‍ എ.ഡി.എസ്, അതിനും മുകളില്‍ സി.ഡി.എസ് എന്ന ക്രമത്തിലാണ് അന്ന് ഈ സംവിധാനം പ്രവര്‍ത്തിച്ചത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ഒരു എന്‍.ജി.ഒക്കായിരുന്നു പദ്ധതിയുടെ ചുമതല.

ചെറു സമ്പാദ്യ പദ്ധതികളും ഉല്‍പ്പാദന യൂനിറ്റുകളുമായി ജില്ലയിലെ 14 ബ്ലോക്കിലും 5 നഗരസഭകളിലും പദ്ധതി വന്‍ മുന്നേറ്റമുണ്ടാക്കി. ജില്ലയിലെ വീട്ടമ്മമാര്‍ പദ്ധതിയെ ഏറ്റെടുക്കുകയായിരുന്നുവെന്ന് അന്നത്തെ മലപ്പുറം സി.ഡി.എസ് ചെയര്‍പേഴ്സണായിരുന്ന ബീന സണ്ണി പറയുന്നു. 1998ലാണ് കുടുംബശ്രീ എന്ന പേരിലേക്ക് പദ്ധതി മാറുന്നത്. പ്രധാനമന്ത്രി വാജ്പേയി മലപ്പുറത്ത് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുമ്പോള്‍ ജില്ലയില്‍ 4763 അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനം ഒരു ഘട്ടം പിന്നിട്ടിരുന്നു. സംസ്ഥാനത്തെ 13 ജില്ലകളിലും കുടുംബശ്രീ ആരംഭിക്കാനായുള്ള പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മലപ്പുറത്തെ അയല്‍ക്കൂട്ടങ്ങളെ നയിച്ചവരാണ്. കേരളത്തിലെ വീട്ടമ്മമാരെ ശാക്തീകരിച്ച കുടുംബശ്രീ പദ്ധതിയുടെ മുന്നില്‍ നടക്കാന്‍ കഴിഞ്ഞു എന്ന നേട്ടവും മലപ്പുറം ജില്ലക്ക് സ്വന്തം.

TAGS :

Next Story