Quantcast

സബ്കലക്ടര്‍ക്കെതിരായ അധിക്ഷേപം: എസ്. രാജേന്ദ്രനെ തള്ളി സി.പി.എം

പാര്‍ട്ടിയുടെ കാഴ്ചപ്പാടിന് വിരുദ്ധമായ നടപടിയാണ് രാജേന്ദ്രന്‍റേത്. രാജേന്ദ്രനെതിരെ ഉചിതമായ നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കുമെന്ന് മന്ത്രി എം.എം മണി

MediaOne Logo

Web Desk

  • Published:

    12 Feb 2019 8:44 AM IST

സബ്കലക്ടര്‍ക്കെതിരായ അധിക്ഷേപം: എസ്. രാജേന്ദ്രനെ തള്ളി സി.പി.എം
X

അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ദേവികുളം സബ് കലക്ടറെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധിക്ഷേപിച്ച നടപടി തെറ്റെന്ന് സി.പി.എം ഇടുക്കി ജില്ലാ നേതൃത്വം. പാര്‍ട്ടിയുടെ കാഴ്ചപ്പാടിന് വിരുദ്ധമായ നടപടിയാണ് രാജേന്ദ്രന്‍റേത്. രാജേന്ദ്രനെതിരെ ഉചിതമായ നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു.

വനിത കൂടിയായ ദേവികുളം സബ്കലക്ടര്‍ രേണുരാജിനെതിരെ മോശം പരാമര്‍ശം നടത്തിയതോടെ എസ് രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കട്ടപ്പനയില്‍ ചേര്‍ന്ന സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റാണ് വിഷയത്തില്‍ രാജേന്ദ്രനെ പരസ്യമായി തള്ളിയത്. എം.എല്‍.എയുടെ പരാമര്‍ശം അനുചിതമെന്നും പാര്‍ട്ടി നിലപാടുകള്‍ക്ക് എതിരെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. സ്ത്രീസമത്വവും ശാക്തീകരണവുമാണ് സി.പി.എമ്മിന്‍റെ നിലപാടെന്നും വനിതാ ഉദ്യോഗസ്ഥയോടുള്ള രാജേന്ദ്രന്‍റെ പരാമര്‍ശം തെറ്റായിപ്പോയെന്നും പാര്‍ട്ടി വിലയിരുത്തി.

യു.ഡി.എഫ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തിന്‍റെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എസ് രാജേന്ദ്രന്‍ അമിതാവേശം കാട്ടിയെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. ജനപ്രതിനിധിയെന്ന നിലയില്‍ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണുകയാണ് വേണ്ടിയിരുന്നതെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. എസ് രാജേന്ദ്രനെതിരായ പാര്‍ട്ടി നടപടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വിഷയത്തില്‍ രാജേന്ദ്രന്‍റെ വിശദീകരണവും തേടും. കട്ടപ്പനയില്‍ നടന്ന ജില്ലാ കമ്മിറ്റിയില്‍ അംഗം കൂടിയായ എസ് രാജേന്ദ്രന്‍റെ അസാന്നിധ്യവും ശ്രദ്ധേയമായി.

TAGS :

Next Story