ഷുക്കൂര്‍ വധം: വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന് കുടുംബം
വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്‍റെ മാതാവ് ഹൈക്കോടതിയെ സമീപിക്കും

അരിയില്‍ ഷുക്കൂര്‍ വധക്കേസിന്‍റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്‍റെ മാതാവ് ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച ഹരജി നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കം. കുറ്റപത്രം പരിശോധനക്കെടുക്കുന്ന ദിവസം ഇക്കാര്യം സി.ബി.ഐയും തലശ്ശേരി ജില്ലാ കോടതിയില്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
ഷുക്കൂര്‍ വധക്കേസില്‍ കേരള പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ മാതാവ് പി.സി ആത്തിക്ക നല്‍കിയ ഹരജിയിലാണ് അന്വേഷണം കോടതി സി.ബി.ഐക്ക് വിട്ടത്. പിന്നാലെ സി.ബി.ഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ടി.വി രാജേഷ് എം.എല്‍.എയും കേസിലെ മറ്റൊരു പ്രതിയും സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസില്‍ അടുത്ത മാസം വിധി വരാനിരിക്കെയാണ് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും പേരില്‍ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കഴിഞ്ഞ ദിവസം തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
എറണാകുളം സി.ജെ.എം കോടതിയിലായിരുന്നു ഈ കുറ്റപത്രം ആദ്യം സി.ബി.ഐ നല്‍കിയത്. എന്നാല്‍ കേസിന്റെ ഫയലുകളും മറ്റും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലായതിനാല്‍ കുറ്റപത്രം ഇവിടെ സമര്‍പ്പിക്കാനാവശ്യപ്പെട്ട് സി.ജെ.എം കോടതി ഇത് മടക്കുകയായിരുന്നു. ഈ മാസം പതിനാലിന് കോടതി കുറ്റപത്രം പരിശോധിക്കും. വിചാരണ ആരംഭിക്കുന്ന തിയ്യതിയും അന്ന് തീരുമാനിക്കാനാണ് സാധ്യത. ഇതിനിടെയാണ് വിചാരണ നടപടികള്‍ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
Adjust Story Font
16

