Quantcast

ശബരിമല നട ഇന്ന് തുറക്കും; കര്‍ശന സുരക്ഷയൊരുക്കി പൊലീസ് 

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ നവോത്ഥാനകേരളം ശബരിമലയിലേക്ക് കൂട്ടായ്മ ദർശനത്തിനായി ഇനിയും യുവതികളെ എത്തിക്കും എന്നാണ് സൂചന.

MediaOne Logo

Web Desk

  • Published:

    12 Feb 2019 8:47 AM IST

ശബരിമല നട ഇന്ന് തുറക്കും; കര്‍ശന സുരക്ഷയൊരുക്കി പൊലീസ് 
X

കുംഭമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കുംഭമാസ പൂജകൾ കഴിഞ്ഞ് ഫെബ്രുവരി 17ന് നട അടയ്ക്കും.

കുംഭമാസ പൂജകൾക്കായി ഇന്ന് വൈകിട്ട് അഞ്ചിന് മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി നട തുറക്കും. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഈ മൂന്ന് കേന്ദ്രങ്ങളിലും സുരക്ഷ ഒരുക്കുന്നത് ഓരോ എസ്.പിമാരുടെ നേതൃത്വത്തിലാണ്. സന്നിധാനത്ത് വി അജിത്തിനും പമ്പയിൽ എച്ച് മഞ്ജുനാഥിനും നിലയ്ക്കലിൽ പി കെ മധുവിനുമാണ് ചുമതല. അതേസമയം ശബരിമലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇലവുങ്കൽ മുതൽ സന്നിധാനം വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സാഹചര്യം മനസ്സിലാക്കിയതിന് ശേഷം നിരോധനാജ്ഞ പ്രഖ്യാപിച്ചാൽ മതിയെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്.

അഞ്ച് ദിവസം ദർശനം ഉണ്ടാകുന്ന സാഹചര്യത്തിൽ മണ്ഡലക്കാലത്ത് കണ്ടതിനേക്കാൾ പ്രതിഷേധക്കാരുടെ വലിയ സംഘം എത്താനുള്ള സാധ്യതയുമുണ്ട്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ നവോത്ഥാനകേരളം ശബരിമലയിലേക്ക് കൂട്ടായ്മ ദർശനത്തിനായി ഇനിയും യുവതികളെ എത്തിക്കും എന്നാണ് സൂചന.

രാവിലെ പത്ത് മണിയ്ക്ക് ശേഷമായിരിക്കും തീർത്ഥാടകരെയും മാധ്യമപ്രവർത്തകരെയും നിലയ്ക്കലിൽ നിന്ന് കടത്തിവിടുക. ഇത്തവണയും പാർക്കിംഗ് സൗകര്യം നിലയ്ക്കലിലാണ് ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകർക്കായി ഇവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ സർവ്വീസ് നടത്തും.

TAGS :

Next Story