തെരഞ്ഞെടുപ്പ് ചൂടിലും കോഴിക്കോട് കോണ്‍ഗ്രസില്‍ ഗ്രൂപ് നീക്കങ്ങള്‍ സജീവം
ഗ്രൂപ്പ് യോഗം ചേര്‍ന്നത് ജില്ലയില്‍ തിരികെ എത്തിയാലുടന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിശോധിക്കും.

തെരഞ്ഞെടുപ്പ് ചൂടിനിടയിലും കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നീക്കങ്ങള്‍ ശക്തം. ടി സിദ്ദീഖ് വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതോടെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തില്‍ നോട്ടമിട്ട് ഐ ഗ്രൂപ്പ് നീക്കങ്ങള്‍ തുടങ്ങി. വയനാട് സീറ്റ് എ ഗ്രൂപ്പിന് നല്‍കിയതിനാല്‍ പകരം ഡി.സി.സി എങ്കിലും കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. പ്രസിഡന്റാവാന്‍ ഐ ഗ്രൂപ്പിലെ അര ഡസന്‍ നേതാക്കളെങ്കിലും രംഗത്തുണ്ട്.
ടി.സിദ്ദീഖ് വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെ ഡി.സി.സി പ്രസിഡന്റ് പദവി ഒഴിയണം. തുടര്‍ന്ന് എ ഗ്രൂപ്പിന്റെ കൈവശമുള്ള പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണം. ഇതാണ് ജില്ലയിലെ ഐ ഗ്രൂപ്പിന്റെ നിലപാട്. ഇക്കാര്യം ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ രമേശ് ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പിന്റെ യോഗത്തിലും ഇത് സജീവ ചര്‍ച്ചയായിരുന്നു.
പ്രസിഡന്റ് സ്ഥാനം ലഭിച്ചാല്‍ ഐ ഗ്രൂപ്പിലും നിരവധി നേതാക്കള്‍ അവകാശവാദം ഉയര്‍ത്തും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, സെക്രട്ടറി പ്രവീണ്‍കുമാര്‍, നിര്‍വാഹക സമിതി അംഗം പി.എം നിയാസ് തുടങ്ങി ഈ പട്ടിക നീളും. ഇതില്‍ പി.എം നിയാസ് എം.കെ രാഘവനുമായും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിനും അതിനാല്‍ നിയാസിനോട് എതിര്‍പ്പില്ലെന്നാണ് സൂചന.
ഡി.സി.സി അധ്യക്ഷസ്ഥാനം വിട്ടു കൊടുക്കേണ്ടതില്ലെന്ന വികാരം എ ഗ്രൂപ്പിനുള്ളില്‍ ശക്തമാണ്. നിര്‍ണായകമായ തെരഞ്ഞെടുപ്പ് കാലത്ത് ഗ്രൂപ്പ് യോഗം ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും എ ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കുന്നു. ഗ്രൂപ്പ് യോഗം ചേര്‍ന്നത് ജില്ലയില്‍ തിരികെ എത്തിയാലുടന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിശോധിക്കും.
Adjust Story Font
16

