Quantcast

പത്തനംതിട്ടയില്‍ മത്സരിക്കും; ആരുടെ വോട്ടും വാങ്ങും, രണ്ടുലക്ഷം വോട്ടിന് ജയിക്കും: പി.സി ജോര്‍ജ്

ബി.ജെ.പിയെ മോശം പാര്‍ട്ടിയായി കാണുന്നില്ല. അവര്‍ പിന്തുണച്ചാല്‍ സ്വീകരിക്കും. 

MediaOne Logo

Web Desk

  • Published:

    23 March 2019 4:11 PM GMT

പത്തനംതിട്ടയില്‍ മത്സരിക്കും; ആരുടെ വോട്ടും വാങ്ങും, രണ്ടുലക്ഷം വോട്ടിന് ജയിക്കും: പി.സി ജോര്‍ജ്
X

പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് വീണ്ടും പി.സി ജോര്‍ജ്. ഏതു മുന്നണി പിന്തുണച്ചാലും സ്വീകരിക്കും. ആരുടെ വോട്ടും വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാഴ്ച മുമ്പ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വാങ്ങുകയും ചെയ്ത ജോര്‍ജ്, കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് വീണ്ടും മത്സരിക്കുമെന്ന് ശനിയാഴ്ച വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

യു.ഡി.എഫുമായി സഹകരിച്ചുപോകാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പിനെത്തുടര്‍ന്നാണ് പത്തനംതിട്ടയിലടക്കം മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. എല്ലായിടത്തും യു.ഡി.എഫിനെ പിന്തുണക്കാനും അവരുമായുള്ള ചര്‍ച്ചയില്‍ ധാരണയായി.

എന്നാല്‍, മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ പിന്നെ ഇവരെ കണ്ടിട്ടില്ല. കോണ്‍ഗ്രസ് വഞ്ചിച്ചു. ഇനി അവരുമായി ഒരു ബന്ധവുമില്ല. കോണ്‍ഗ്രസ് ബന്ധപ്പെട്ടാലും പിന്മാറില്ല. പത്തനംതിട്ടയില്‍ രണ്ടുലക്ഷം വോട്ടിന് വിജയിക്കും. അവിടെ പിന്തുണക്കുന്നരെ മറ്റ് മണ്ഡലങ്ങളില്‍ സഹായിക്കും. ചൊവ്വാഴ്ച ചേരുന്ന പാര്‍ട്ടി യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കും. ബി.ജെ.പിയെ മോശം പാര്‍ട്ടിയായി കാണുന്നില്ല. അവര്‍ പിന്തുണച്ചാല്‍ സ്വീകരിക്കും.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയത്. ഇപ്പോള്‍ ഇത് അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. നേരത്തെ, മുഴുവന്‍ മണ്ഡലങ്ങളിലും ജനപക്ഷം മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജോര്‍ജ്, പിന്നീട് പത്തനംതിട്ട അടക്കം മൂന്നു മണ്ഡലങ്ങളില്‍ മാത്രം മത്സരിക്കുമെന്ന് അറിയിച്ചു. അടുത്തിടെ വീണ്ടും മലക്കംമറിഞ്ഞ് ഒരിടത്തും മത്സരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. വാര്‍ത്തസമ്മേളനത്തില്‍ ജനപക്ഷം വൈസ് ചെയര്‍മാന്‍മാരായ ഇ.കെ ഹസന്‍കുട്ടി, ഭാസ്കരപിള്ള എന്നിവരും പങ്കെടുത്തു.

TAGS :

Next Story