പെന്‍ഷന്‍ നല്‍കിയ ഫോട്ടോയെടുത്ത്, ഇടതു മുന്നണിക്കൊപ്പമെന്ന് പ്രചാരണം; പരാതിയുമായി വൃദ്ധ ദമ്പതിമാര്‍
വാര്‍ധക്യ കാല പെന്‍ഷന്‍ നല്‍കിയ ശേഷം ഇവരെ തെറ്റിദ്ധരിപ്പിച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറുള്‍പ്പെടെയുള്ളവര്‍ക്ക് കുടുംബം...

കോഴിക്കോട് കായണ്ണയില്‍ മുസ്ലീം ലീഗ് അനുഭാവികളായ വൃദ്ധ ദമ്പതിമാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഫോട്ടെയെടുത്ത് ഇവര്‍ ഇടതു മുന്നണിക്കൊപ്പമെന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ചതായി പരാതി. വാര്‍ധക്യ കാല പെന്‍ഷന്‍ നല്‍കിയ ശേഷം ഇവരെ തെറ്റിദ്ധരിപ്പിച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറുള്‍പ്പെടെയുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി.
കായണ്ണ സ്വദേശിയായ കിഴക്കേപറമ്പില്‍ പാത്തുമ്മക്ക് കഴിഞ്ഞ ശനിയാഴ്ച കായണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 7500 രൂപ വാര്‍ധക്യകാല പെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കി. അടുത്ത ദിവസം ഭര്‍ത്താവ് അമ്മതിനും പെന്‍ഷന്‍ തുക നല്‍കാനായി ബാങ്കില്‍ നിന്നും ആളെത്തിയിരുന്നു. തുടര്‍ന്ന് പാത്തുമ്മയുടെ കൈയിലും പണം കൊടുത്ത ശേഷം ഇരുവരെയും ചേര്‍ത്തു നിര്‍ത്തി ഫോട്ടോടെയുടുക്കുകയായിരുന്നുവെന്നാണ് പരാതി. പാത്തുമ്മയില്‍ നിന്നും പണം തിരികെ വാങ്ങുകയും ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഫോട്ടോ എടുത്തതെന്ന് പറഞ്ഞതായും ഇവര്‍ ആരോപിക്കുന്നു.
ഇടതുപക്ഷമാണ് ശരിയെന്ന് ഇവര്‍ പറയുന്നുവെന്ന അടിക്കുറിപ്പോടെ ഇരുവരുടേയും ഫോട്ടോ പിന്നീട് സി.പി.എം അനുകൂല വാട്സാപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത് കുടുംബത്തിന്‍റെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് കായണ്ണ സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ പ്രതികരിച്ചു.
Adjust Story Font
16

