Quantcast

പ്രതീക്ഷയുടെ ചുരം

അടയാളപ്പെടുത്തലുകളില്‍ അരക്ഷിത ബോധം മേല്‍ക്കൈ നേടുന്ന ഈ മണ്ണിലേക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതീക്ഷയുടെ വിത്തെറിയുന്നത്

MediaOne Logo
പ്രതീക്ഷയുടെ ചുരം
X

പ്രളയം നട്ടെല്ലൊടിച്ചൊരു നാട്. കനത്ത ഒരു മഴ പെയ്താല്‍ മലമുകളിലെ വന്യതയില്‍ ഒറ്റപ്പെടുന്നൊരു നാട്. രാഷ്ട്രീയ ചേരിപോരുകള്‍ കാരണം അടിസ്ഥാന സൗകര്യങ്ങള്‍ അന്യമായിരുന്നൊരു നാട്. അങ്ങനെ നിരന്തരം അവഗണനയുടെ മലമുകളില്‍ ജീവിതം തള്ളിനീക്കുന്നവരുടെ നാടാണ് വയനാട്. കാപ്പി, കുരുമുളക്, അടക്ക, നെല്ല് തുടങ്ങി വയനാടന്‍ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന വിളകളെല്ലാം ഭ്രാന്ത് പിടിച്ചെത്തിയ പ്രളയം ഉടലോടെ ഒപ്പിയെടുത്തതോടെ നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തിലാണ് ഇന്ന് വയനാടന്‍ കര്‍ഷകര്‍. ഒരു ഇടവേളക്ക് ശേഷം വീണ്ടും വയനാടിന്‍റെ മണ്ണിലേക്ക് കര്‍ഷക ആത്മഹത്യകള്‍ പതിയെ തിരിച്ചു വരികയാണ്.

ഇങ്ങനെ അടയാളപ്പെടുത്തലുകളില്‍ അരക്ഷിത ബോധം മേല്‍ക്കൈ നേടുന്ന ഈ മണ്ണിലേക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതീക്ഷയുടെ വിത്തെറിയുന്നത്. ദേശീയ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുന്ന പ്രവണതയാണ് വയനാട് മണ്ഡലത്തിനുള്ളത്. കേന്ദ്ര ഭരണവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ദേശീയ തലത്തില്‍ പ്രസക്തമായ കക്ഷിക്ക് വോട്ട് കൊടുക്കുക എന്ന ചിന്താഗതിയാണ് ഈ പ്രവണതക്ക് കാരണം. ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് എതിരായി പോരാടാന്‍ പ്രാപ്തമായ രാഷ്ട്രീയ ബദല്‍ എന്ന അവകാശവാദത്തോടെയുള്ള പ്രചാരണമാണ് ഇതിന് ആക്കം കൂട്ടുന്നത്.

ഇടത് കക്ഷികള്‍ ഇന്ത്യയില്‍ നൂറില്‍ താഴെ സീറ്റുകളില്‍ മാത്രമേ മത്സരിക്കുന്നുപോലുമുള്ളു. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര ബദല്‍ എന്ന ആശയം സംഘപരിവാര്‍ വിരുദ്ധ ചേരിക്ക് ശക്തി പകരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നത് മുതല്‍ വയനാട് മണ്ഡലത്തില്‍ അതുണ്ടാക്കിയ അലയൊലികള്‍ ചെറുതല്ല. സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമല്ല, രാഷ്ട്രീയത്തില്‍ അത്രമാത്രം തല്‍പരരല്ലാത്തവര്‍ പോലും രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഏറെ സന്തുഷ്ടരാണ്. അദ്ദേഹത്തിന്‍റെ കേരളത്തിലേക്കുള്ള വരവില്‍ എന്താണ് ഇത്രമാത്രം നേട്ടമെന്ന ചോദ്യത്തിന് ഏതാണ്ട് എല്ലാവര്‍ക്കും ഒരേ ഉത്തരം തന്നെയാണ്.

അവഗണനയുടെ ദുരിതത്തില്‍ കഴിയുന്ന ഈ നാടിന് അല്‍പ്പമെങ്കിലും മാറ്റം വരുത്താന്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തുണക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് വയനാട്ടിലെ വോട്ടര്‍മാര്‍. ആദിവാസി വിഭാഗങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വയനാട്. വടക്കേ ഇന്ത്യയില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏറെ പ്രവൃത്തിപരിചയമുള്ള രാഹുലിന് വയനാടിന്റെ നിലവിലെ അവസ്ഥയില്‍ മാറ്റം കൊണ്ടുവരാനാകും എന്ന് തന്നെയാണ് അവരും പ്രതീക്ഷിക്കുന്നത്. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ രാഹുലിന്‍റെ കേരള സ്ഥാനാര്‍ഥിത്വത്തില്‍ ദക്ഷിണേന്ത്യയിലാകെ തങ്ങള്‍ക്ക് അനുകൂലമായ ഒരു തരംഗമുണ്ടാക്കുന്നതിന് വഴിയൊരുക്കുമെന്നാണ് യു.ഡി.എഫിന്‍റെ അവകാശവാദം.

ഇതില്‍ വലിയ കാര്യമൊന്നുമില്ലെങ്കിലും കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും രാഹുലിന്‍റെ സാന്നിധ്യം ഗുണം ചെയ്യുമെന്നുറപ്പാണ്. അതുപോലെ ഈ തെരഞ്ഞെടുപ്പില്‍ പ്രത്യക്ഷമായി തന്നെ ഏറെ സ്വാധീനം ചെലുത്താവുന്ന ഒന്നാണ് വയനാടിന്റെ ടൂറിസം മേഖല. കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്താവുന്ന ഒരു സ്ഥാനം തന്നെ വയനാടിനുണ്ട്. അതീവ പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമഘട്ട മലനിരകള്‍ ഉള്‍ക്കൊള്ളുന്ന ജില്ല കൂടിയാണ് വയനാട്. ഇത് തന്നെയാണ് വയനാടിന്‍റെ വിനോദ സഞ്ചാര മേഖലയില്‍ ഏറെ സ്വാധീനം ചെലുത്തുന്നതും. എന്നാല്‍ രാത്രി യാത്രാ നിരോധനം മേഖലയെ കാര്യമായി തന്നെ ബാധിച്ചു. വിനോദ സഞ്ചാരത്തിന് പുറമെ രാത്രികാലങ്ങളില്‍ വയനാട് വഴിയുള്ള ചരക്ക് നീക്കവും ഏതാണ്ട് നിശ്ചലമായി.

ഇതോടെ ഇതു വഴിയുള്ള യാത്രകളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒട്ടേറെ പേരുടെ ജീവതവും വഴിമുട്ടുന്ന അവസ്ഥയിലായി. ഇതിനൊരു പരിഹാരമാണ് കാലങ്ങളായി വയനാട്ടുകാര്‍ തേടികൊണ്ടിരിക്കുന്നത്. കൂടാതെ ജില്ലയുടെ സ്വപ്ന പദ്ധതിയായ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയും അവഗണനയുടെ മറ്റൊരുദാഹരണമാണ്. ഇവക്കെല്ലാമുള്ളൊരു പ്രതിവിധിയായിട്ടാണ് രാഹുലിന്റെ കേരളത്തിലേക്കുള്ള വരവിനെ സാധാരണക്കാരായ ജനം നോക്കി കാണുന്നത്. കൂടാതെ വിദ്യാഭാസം, ചികിത്സ എന്നീ രംഗങ്ങളില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന വയനാടിന് രാഹുല്‍ ഒരു പ്രതീക്ഷ തന്നെയാണ്. ചുരുക്കത്തില്‍ നിലനില്‍പ്പിനായി ജീവന്‍ കൊണ്ട് സമരം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം. എന്നാല്‍ വയനാടിന് പുറമെ അമേഠിയിലും രാഹുല്‍ മത്സരിക്കുന്നതിനാല്‍ അവിടുത്തെ ജയപരാജയത്തിനനുസരിച്ചായിരിക്കും വയനാട്ടുകാരുടെ സ്വപ്ന സാഫല്യം. എങ്കിലും അവര്‍ പ്രതീക്ഷയുടെ ചുരം കയറുകയാണ്.

TAGS :

Next Story