ഒളിക്യാമറ വിവാദം: പൊലീസ് അന്വേഷണം ആരംഭിച്ചു
രാഘവന്‍ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ച് നിയമ നടപടി സ്വീകരിക്കാന്‍ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരെയുള്ള ഒളിക്യാമറ വിവാദത്തില്‍ രണ്ട് സംഘങ്ങളായി പോലീസ് അന്വേഷണം ആരംഭിച്ചു. രാഘവന്‍ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ച് നിയമ നടപടി സ്വീകരിക്കാന്‍ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഹിന്ദിചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എം.കെ രാഘവന്‍ നല്‍കിയ പരാതിയില്‍ ഡി.സി.പി എ.കെ ജമാലുദ്ദിനാണ് അന്വേഷണം നടത്തുന്നത്. എം.കെ രാഘവന്‍ സാമ്പത്തിക ക്രമേക്കേട് നടത്തിയെന്നും പെരുമാറ്റ ചട്ടം ലംഘിച്ചെന്നുമാരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഐ.ജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ പി.വാഹിദും അന്വേഷണം തുടങ്ങി. ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളുടെ യഥാര്‍ഥ വീഡിയോ ഹാജരാക്കാന്‍ ചാനലിനോട് ആവശ്യപ്പെടാനും പൊലീസ് തീരുമാനിച്ചു. ഒളിക്യാമറ വിവാദം സി.ബി.ഐ അന്വേഷിക്കട്ടെ എന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം.
എം.കെ രാഘവനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. മാഫിയകളുമായി ചേര്‍ന്ന് സി.പി.എം കോഴിക്കോട് ജില്ലാനേതൃത്വം തനിക്കെതിരെ ഗൂഡാലോചന നടത്തി എന്ന രാഘവന്‍റെ ആരോപണത്തിനെതിരെയാണ് നിയമ നടപടി സ്വീകരിക്കുക. ഈ ആരോപണം സി.പി.എമ്മിനെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് ലക്ഷ്യം വെച്ചുള്ള ബോധപൂര്‍വ്വമായ ആരോപണമാണെന്നാണ് സി.പി.എം നിലപാട്.
Adjust Story Font
16

