Quantcast

കടകംപള്ളിക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന പ്രസ്താവനക്കെതിരെയാണ് കമ്മീഷന്‍ ..

MediaOne Logo

Web Desk

  • Published:

    8 April 2019 2:03 PM GMT

കടകംപള്ളിക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്
X

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർ വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന പ്രസ്താവനക്കെതിരെയാണ് കമ്മീഷന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കമ്മീഷന്‍ നിർദ്ദേശിച്ചിട്ടുണ്ട്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കത്ത് നൽകി. ചീഫ് സെക്രട്ടറി മുഖേനെയാണ് കത്ത് നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും താക്കീത് ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ പേരിൽ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ദൈവനാമത്തിൽ നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്തുന്നത് ജനപ്രാതിനിധ്യനിയമം സെക്ഷൻ 123 അനുസരിച്ച് കുറ്റകരമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പാലക്കാട് മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി എം.ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ബൈക്ക് യാത്രികരില്‍ നിന്നു വടിവാൾ താഴെ വീണ സംഭവത്തിലും കമ്മീഷന്‍ ഇടപെടലുണ്ടായി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിർദ്ദേശം നൽകി. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന് ഇത്തരം നടപടി വിഘാതം സൃഷ്ടിക്കുമെന്ന ആശങ്ക മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡി.ജി.പിയെ അറിയിച്ചു. പ്രചാരണ റാലികളിൽ ആയുധങ്ങൾ കൊണ്ടുപോകരുതെന്ന് കൃത്യമായ നിർദ്ദേശമുള്ളതാണെന്നും അത്തരം നടപടികൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാനും റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും ഡി.ജി.പിയോട് ആവശ്യപ്പെട്ടു.

TAGS :

Next Story