ഒളിക്യാമറ വിവാദം; എം.കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി
അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്കിയതായി എം.കെ രാഘവന്‍ പ്രതികരിച്ചു. കോടതിയും ജനകീയ കോടതിയും കാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നും മൊഴി നല്കിയ ശേഷം രാഘവന്‍ പറഞ്ഞു.

ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പുറത്ത് വന്ന ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന് രാഘവന്‍ മൊഴി നല്‍കി. ദൃശ്യം പുറത്ത് വിട്ട ചാനലിന്റെ മേധാവികളുടെയും റിപ്പോര്‍ട്ടര്‍മാരുടെയും മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.
രാവിലെ ഏഴേകാലോടെയായിരുന്നു ഡി.സി.പി ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം എം.കെ രാഘവന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂറോളം മൊഴിയെടുക്കല്‍ നീണ്ടു നിന്നു. തന്നെ മാധ്യമ പ്രവര്‍ത്തകരെന്ന നിലയില്‍ തന്നെയാണ് ചാനല്‍ സംഘം സമീപിച്ചത്. ഇതിനിടയില്‍ തെരഞ്ഞെടുപ്പും ചര്‍ച്ചയായി. പക്ഷേ താന്‍ പറഞ്ഞുവെന്ന പേരില്‍ പുറത്ത് വന്ന ദൃശ്യങ്ങളില്‍ എഡിറ്റിങ്ങും കൃത്രിമത്വം നടന്നതായും രാഘവന്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ഇതോടെയാണ് ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വിട്ട ടി വി 9 ഭാരത് വര്‍ഷിന്റെ മേധാവികളുടേയും റിപ്പോര്‍ട്ടറുടേയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണം സംഘം തീരുമാനിച്ചത്. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ ഹാജരാക്കാനും ചാനലിന് നോട്ടീസ് നല്‍കും. ഇനി കാര്യങ്ങള്‍ ജനകീയ കോടതിയും നിയമ കോടതിയും തീരുമാനിക്കട്ടെ എന്നായിരുന്നു രാഘവന്റെ പ്രതികരണം.
ദൃശ്യങ്ങള്‍ ചാനല്‍ ഹാജരാക്കിയാലും ഫോറന്‍സിക് പരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമായി വരും. അതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
Adjust Story Font
16

