ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു
ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ പ്രതി ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെ വിട്ടു. കൊട്ടാരക്കരയിലെ വീട്ടില്‍ വെച്ച് രശ്മിയെ ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് കേസ്.

ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസില്‍ സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണനെയും മാതാവ് രാജമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസില്‍ ബിജുവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
2006 ഫെബ്രുവരി മൂന്നിനാണ് കൊട്ടാരക്കരയിലെ ബിജു രാധാക്യഷ്ണവന്റെ വീട്ടിലെ കുളിമുറിയില്‍ രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട രശ്മിയെ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ച് ബിജു അവിടെ നിന്നു മുങ്ങുകയായിരുന്നുവെന്നാണ് പൊലിസ് കേസ്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. രശ്മിക്കു മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വലിച്ചിഴച്ചു കുളിമുറിയിലെത്തിച്ചു ബിജു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ പൊലിസ് കണ്ടെത്തിയത്.
കേസിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി 2014 ജനുവരിയിലാണ് ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊലപാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കായിരുന്നു ശിക്ഷ. സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിച്ചതിനായിരുന്നു രാജമ്മാളിനെ മൂന്നുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചിരുന്നത്.
പൂജപ്പുര സെൻട്രൽ ജയിലിൽ തടവു ശിക്ഷ അനുഭവിക്കുന്ന ബിജു അപ്പീലിൽ തനിക്ക് നേരിട്ട് ഹാജരായി വാദം നടത്താൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് മുഖേന അപേക്ഷ നൽകിയിരുന്നു. ഹൈക്കോടതി ഇതനുവദിച്ചതോടെ നേരിട്ടു ഹാജരായി ഹൈക്കോടതിയില്‍ വാദം നടത്തിയിരുന്നു.
Adjust Story Font
16

