Quantcast

ഒളിക്യാമറാ വിവാദം; അന്വേഷണ സംഘം ചാനലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു

ഡല്‍ഹിയിലെത്തിയാണ് ടിവി 9 ചാനല്‍ സംഘത്തിന്റെ മൊഴിയെടുത്തത്.

MediaOne Logo

Web Desk

  • Published:

    13 April 2019 6:38 AM GMT

ഒളിക്യാമറാ വിവാദം; അന്വേഷണ സംഘം ചാനലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു
X

കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളികാമറ വിവാദത്തില്‍ ചാനല്‍ സംഘത്തില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. പ്രത്യേക അന്വേഷണ സംഘം ചാനല്‍ ഓഫീസിലെത്തിയാണ് ചാനല്‍ സംഘത്തില്‍ നിന്ന് മൊഴിയെടുത്തത്. ഒളിക്യാമറ ഓപ്പറേഷനില്‍ പങ്കെടുത്ത റിപ്പോര്‍ട്ടറുടെ മൊഴിയും രേഖപ്പെടുത്തി.

എം.കെ രാഘവനെതിരെയുള്ള ഒളിക്യാമറ വിവാദത്തിന്റെ അന്വേഷണ നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. മാധ്യമ പ്രവര്‍ത്തകരെന്ന നിലയില്‍ ചാനല്‍ സംഘം തന്നെ സമീപിച്ചിരുന്നെന്നും ഇതിനിടയില്‍ തെരഞ്ഞെടുപ്പും ചര്‍ച്ചയായെന്നും രാഘവന്‍ മൊഴി നല്കിയിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളും താന്‍ പറയാത്ത കാര്യങ്ങളുമാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തതെന്നും രാഘവന്‍ മൊഴി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടി വി 9 ഭാരത് വര്‍ഷിന്റെ മേധാവികളുടെയും അന്ന് രാഘവനെ സമീപിച്ച സംഘത്തിന്റെയും മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.

ചാനല്‍ ഓഫിസിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താസംഘത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഇവരില്‍ നിന്ന് എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളും ശേഖരിച്ചതായാണ് വിവരം. ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും ഇതില്‍ കൃത്രിമത്വം നടന്നോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ വേണ്ടി വരും. എന്നാല്‍ അതിന് മുന്‍പ് തന്നെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണസംഘം സമര്‍പ്പിക്കുമെന്നാണ് സൂചന. തനിക്കെതിരെ ഗൂഡാലോന നടന്നെന്ന് കാണിച്ച് രാഘവന്‍ നല്കിയ പരാതിയിലും രാഘവനെതിരെ എല്‍.ഡി.എഫ് നല്കിയ പരാതിയിലുമാണ് അന്വേഷണം നടക്കുന്നത്.

TAGS :

Next Story