Quantcast

ഇടുക്കി കള്ളവോട്ട് ആരോപണത്തില്‍ തെരഞ്ഞെടുപ്പ് രജിസ്റ്റര്‍ പരിശോധിക്കും 

ഇടുക്കി കലക്ടര്‍ വിളിച്ചുചേര്‍ത്ത സ്ഥാനാര്‍‌ഥികളുടെ ഇലക്ഷന്‍ ഏജന്‍റുമാരുടെ യോഗത്തിലാണ് തീരുമാനം. കോതമംഗലത്ത് കള്ളവോട്ട് നടന്നതായി എല്‍.ഡി.എഫും പരാതി നല്‍കി.

MediaOne Logo

Web Desk

  • Published:

    14 May 2019 9:42 AM GMT

ഇടുക്കി കള്ളവോട്ട് ആരോപണത്തില്‍ തെരഞ്ഞെടുപ്പ് രജിസ്റ്റര്‍ പരിശോധിക്കും 
X

ഇടുക്കി ഉടുമ്പന്‍ചോലയിലെ കള്ളവോട്ട് ആരോപണത്തില്‍ സ്ട്രോങ് റൂം തുറന്ന് വോട്ടര്‍മാരുടെ രജിസ്റ്റര്‍ പരിശോധിക്കുന്നത് വോട്ടണ്ണല്‍ ദിനത്തിലെന്ന് ധാരണ. ഇടുക്കി കലക്ടര്‍ വിളിച്ചുചേര്‍ത്ത സ്ഥാനാര്‍‌ഥികളുടെ ഇലക്ഷന്‍ ഏജന്‍റുമാരുടെ യോഗത്തിലാണ് തീരുമാനം. കോതമംഗലത്ത് കള്ളവോട്ട് നടന്നതായി എല്‍.ഡി.എഫും പരാതി നല്‍കി. അതേസമയം പൊലീസ് പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും 17നകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഉടുമ്പന്‍ചോലയില്‍ കള്ളവോട്ട് ചെയ്തുവെന്ന് ആരോപണ വിധേയനായ രഞ്ജിത്ത് എന്നയാള്‍ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്ളതായി കണ്ടെത്തി. എന്നാല്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തിട്ടുണ്ടോയെന്ന് അറിയുന്നതിന് വോട്ടര്‍മാര്‍ ഒപ്പിട്ട രജിസ്റ്റര്‍ പരിശോധിക്കേണ്ടതുണ്ട്. ഇത് വോട്ടണ്ണല്‍ ദിനത്തില്‍ പരിശോധിക്കാമെന്നാണ് സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്‍റുമാരുടെ യോഗത്തില്‍ ധാരണയായതെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ വ്യക്തമാക്കി. ഡി.സി.സി പ്രസി‍ഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാറാണ് കള്ളവോട്ടില്‍ പരാതി നല്‍കിയത്.

അതേസമയം കോതമംഗലത്ത് 108, 106 ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി പുതിയ പരാതിയും ജില്ലാ കലക്ടര്‍ക്ക് ലഭിച്ചു. എല്‍.ഡി.എഫാണ് പരാതി നല്‍കിയത്. രണ്ട് പരാതിയിലും വോട്ടര്‍മാര്‍ ഒപ്പിട്ട രജിസ്റ്റര്‍ പരിശോധിക്കുന്നത് വോട്ടെണ്ണല്‍ ദിനത്തിലായിരിക്കും. പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ 17ആം തിയതിക്കകം സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരജിയിലാണ് നടപടി. ഹരജി 20ന് വീണ്ടും പരിഗണിക്കും.

TAGS :

Next Story