പുത്തുമലയിലേത് ഉരുള്‍ പൊട്ടലല്ല, കനത്ത മണ്ണിടിച്ചില്‍; കാരണം സോയില്‍ പൈപ്പിംങ്
വ്യാപകമായി മരം മുറി നടന്ന പ്രദേശങ്ങളിലാണ് സോയില്‍ പൈപ്പിങ് സംഭവിക്കുന്നത്.

വയനാട് പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറി. വിശദമായ പഠനം നടത്തണമെന്നാണ് ജില്ലാമണ്ണ് സംരക്ഷണവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പുത്തുമലയിലുണ്ടായത് അതിശക്തമായ മണ്ണിടിച്ചിലാണെന്നാണ് മണ്ണ് സംരക്ഷണ വകുപ്പിന്റെ പഠനം പറയുന്നത്. അതിശക്തമായ മഴയും സോയില്‍പൈപ്പിംഗും ഇതിന് കാരണമായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 20 ശതമാനം മുതല്‍ 60 ശതമാനം ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഈ പ്രദേശത്ത് ശരാശരി 1.50 മീറ്റര്‍ മാത്രമാണ് മണ്ണിന് കനമുണ്ടായിരുന്നത്. ഇത് ഒന്‍പതിടങ്ങളില്‍ നിന്നായി ഏകദേശം 20 ഹെക്ടറോളം ഭാഗം ഇടിഞ്ഞ് താഴേക്ക് ഒഴുകി.
അതിതീവ്ര മഴയും കൂടിയായതോടെ സോയില്‍പൈപ്പിംഗ് പ്രതിഭാസം നടന്നു. കള്ളാടി എസ്റ്റേറ്റില്‍ സ്ഥാപിച്ച മഴമാപിനിയില്‍ 24 മണിക്കൂറില്‍ 510 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് ഏകദേശം അഞ്ച് ലക്ഷം ടണ്‍ മണ്ണും വെള്ളവും ആര്‍ത്തലച്ചെത്തിയത്. പ്രദേശത്തെ കുന്നില്‍ വിള്ളലുകളോ മണ്ണും ജലവും കുന്നിന്റെ ഉള്‍ഭാഗത്ത് നിന്ന് പുറത്തേക്ക് വന്നതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളോ കാണുന്നില്ല. അതിനാല്‍ ഇത് ഉരുള്‍പൊട്ടല്‍ അല്ല പുത്തുമലയില്‍ ഉണ്ടായത് എന്നാണ് സൂചിപ്പിക്കുന്നത്.
1980കളില്‍ മരം മുറിയെ തുടര്‍ന്ന് മുറിച്ച് മാറ്റപ്പെട്ട വൃക്ഷങ്ങളുടെ വേരുകള്‍ ദ്രവിച്ച് ഒന്നര മീറ്റര്‍ ആഴത്തിലുളളതും പാറയോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ മേല്‍മണ്ണില്‍ ദ്വാരങ്ങള്‍ രൂപപ്പെടുന്നതിന് ഇടയാക്കി. ഇത്തരം കാരണങ്ങള്‍ പൈപ്പിംഗ് പ്രതിഭാസത്തിന് കാരണമാവുകയും അത് മേല്‍മണ്ണ് പാറയില്‍ നിന്ന് വേര്‍പ്പെട്ട് അതിവേഗം പതിക്കുന്നതിനും കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ പഠനം വേണമെന്നും ജില്ലാകലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
പുത്തുമലയില്‍ ഒന്നര മീറ്റര്‍ മാത്രമാണ് മണ്ണിന്റെ കനം. മാത്രമല്ല ഇരുപത് മുതല്‍ അറുപത് ഡിഗ്രി വരെ ചെരിവുള്ള പ്രദേശവുമാണിത്. ഇവിടെ വെള്ളമിറങ്ങിയതോടെ മണ്ണും പാറയും തമ്മിലുള്ള ബന്ധമില്ലാതായി. ഇതോടെയാണ് മണ്ണിടിച്ചിലുണ്ടായത്.
കോഴിക്കോട് കാരശ്ശേരിയിലും സോയില്‍ പൈപ്പിംഗ് പ്രതിഭാസമെന്ന് സംശയം. ഭൂമിക്കടിയിലൂടെ വെള്ളവും കളിമണ്ണും ഒഴുകിയെത്തുന്നതും ദുരന്തത്തിന് കാരണമാകുന്നു.
നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് കാരശ്ശേരിയിലേത്. ഇത്തരത്തില്‍ ക്വാറികളില്‍ പാറപൊട്ടിക്കുന്നത് സോയില്‍ പൈപ്പിംങിന്റെ ആഘാതം കൂട്ടുമെന്ന് നേരത്തെ പഠനങ്ങളില്‍ വ്യക്തമായിരുന്നു.
Adjust Story Font
16

