പരീക്ഷാ ഹാളുകളില്‍ പുതിയ ഡ്രസ് കോഡ് നടപ്പാക്കാനൊരുങ്ങി പി.എസ്.സി
നീറ്റ് പരീക്ഷകളുടെ മാതൃകയില്‍ കര്‍ശന ഡ്രസ് കോഡ് കൊണ്ടുവരും. പരീക്ഷാഹാളില്‍ ആഭരണങ്ങള്‍, മെറ്റല്‍ വസ്തുക്കള്‍ ഉള്‍പ്പെടെ വിലക്കും

തട്ടിപ്പുകള്‍ തടയുന്നതിന് പരീക്ഷാഹാളുകളില്‍ പുതിയ ഡ്രസ് കോഡ് നടപ്പാക്കാന്‍ പി.എസ്.സി. നീറ്റ് പരീക്ഷകളുടെ മാതൃകയില്‍ കര്‍ശന ഡ്രസ് കോഡ് കൊണ്ടുവരും. വിശദമായ മാര്‍ഗരേഖ തയ്യാറാക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി.
നീറ്റ് പരീക്ഷകള്‍ക്ക് ഹാളില്‍ വാച്ച് ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍, ആഭരണങ്ങള്‍, മെറ്റല്‍ വസ്തുക്കള്‍ തുടങ്ങിയവക്ക് വിലക്കുണ്ട്. കൂടാതെ ഷൂ, ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍, കൈയില്‍ കെട്ടുന്ന ചരടുകള്‍, ഫുള്‍ സ്ലീവ് ഡ്രസുകള്‍, പാക് ചെയ്ത ഭക്ഷണപാനീയങ്ങള്‍ എന്നിവയും അനുവദനീയമല്ല. ഇവയിലൊക്കെ ആധുനിക സങ്കേതങ്ങള്‍ ഒളിച്ചു കടത്തി കബളിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ യു.പി.എസ്.സി പരീക്ഷകളിലടക്കം കണ്ടെത്തിയിട്ടുണ്ട്.
പി.എസ്.സിയുടെ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയത് സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ്. ഈ പശ്ചാത്തലത്തിലാണ് കര്‍ശനമായ ഡ്രസ് കോഡ് കൊണ്ടുവരുന്നത്. ഇതിന്റെ പ്രായോഗിക വശങ്ങള്‍ പഠിച്ച് വിശദമായ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നല്‍കാന്‍ പരീക്ഷ കണ്‍ട്രോളറോടും പരീക്ഷ ചുമതലയുള്ള അഡി സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി തിയതി പ്രഖ്യാപിക്കാനിരിക്കുന്ന പരീക്ഷകള്‍ തൊട്ട് പുതിയ ഡ്രസ് കോഡ് നടപ്പാക്കാനാണ് ആലോചന.
ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിലുള്‍പ്പെടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുമ്പോഴും ആസൂത്രിത സ്വഭാവത്തിലുള്ള ക്രമക്കേടുകള്‍ നടക്കുന്നത് പി.എസ്.സിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. വിശ്വാസം തിരിച്ചുപിടിക്കാന്‍ ഇത്തരം കര്‍ശന നടപടിയല്ലാതെ പോംവഴിയില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്.
Adjust Story Font
16

