രണ്ടായിരത്തോളം സ്‍കൂളുകളുടെ ഡിജിറ്റല്‍ മാഗസിനുകള്‍ ഉള്‍പ്പെടുത്തി സ്‍കൂൾ വിക്കി വെബ്സൈറ്റ്
സ്കൂള്‍ വിക്കി (www.schoolwiki.in) താളില്‍ നിന്നും ‘ഡിജിറ്റല്‍ മാഗസിന്‍’ എന്ന ലിങ്ക് വഴി ജില്ല തിരിച്ച് ഈ വർഷത്തെ മുഴുവന്‍ ഡിജിറ്റല്‍ മാഗസിനുകളും കാണാവുന്നതാണ്

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നേതൃത്വത്തില്‍ സ്കൂളുകളില്‍ നടപ്പാക്കുന്ന 'ലിറ്റില്‍ കൈറ്റ്സ്' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടായിരത്തോളം സ്കൂളുകളിൽ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റല്‍ മാഗസിനുകള്‍ പൊതുജനങ്ങൾക്കായി സ്‍കൂൾവിക്കി പോർട്ടലിൽ പ്രസിദ്ധീകരിച്ചു. ലിറ്റില്‍ കൈറ്റ്സ് പദ്ധതിയിലെ ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡിജിറ്റൽ മാഗസിൻ തയാറാക്കിയത്. വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനവുമായി ബന്ധപ്പെട്ട് ജനുവരിയിൽ മാഗസിന്റെ പ്രകാശനചടങ്ങുകൾ സ്‍കൂളുകളിൽ സംഘടിപ്പിച്ചിരുന്നു.
സ്കൂള്‍ വിക്കി (www.schoolwiki.in) താളില്‍ നിന്നും 'ഡിജിറ്റല്‍ മാഗസിന്‍' എന്ന ലിങ്ക് വഴി ജില്ല തിരിച്ച് ഈ വർഷത്തെ മുഴുവന്‍ ഡിജിറ്റല്‍ മാഗസിനുകളും കാണാവുന്നതാണ്. വിക്കിപീഡിയ മാതൃകയിൽ സ്വതന്ത്രമായ വിവരശേഖരണം ലക്ഷ്യമാക്കി സംസ്ഥാനത്തെ പതിനയ്യായിരത്തോളം സ്കൂളുകളെ കോര്‍ത്തിണക്കി പ്രവർത്തിക്കുന്ന സ്കൂള്‍ വിക്കിയില്‍ 2017 മുതല്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ മുഴുവന്‍ രചനാ മത്സരങ്ങളുടെ സൃഷ്ടികളും 2019 മുതൽ സ്‍കൂൾ ഡിജിറ്റൽ മാഗസിനുകളും ലഭ്യമാക്കി വരുന്നുണ്ട്. പോര്‍ട്ടലില്‍ മുഖചിത്രത്തില്‍ മൗസ് കൊണ്ടുവരുമ്പോള്‍ മാസികയുടെ പേരും സ്കൂള്‍ പേരും ദൃശ്യമാകും. ഡിജിറ്റല്‍ മാഗസിന്‍ കാണാന്‍ മാസികയുടെ പേരിലും, സ്കൂള്‍ പേജിലേക്ക് പോകാന്‍ സ്കൂള്‍ പേരിലും ക്ലിക്ക് ചെയ്യണം.
ലിറ്റില്‍ കൈറ്റ്സ് പരിശീലന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലയാളം ടൈപ്പിങ്, വേര്‍ഡ് പ്രൊസസിങ്, റാസ്‍റ്റര്‍-വെക‍്ടര്‍ ഇമേജ് എഡിറ്റിങ് തുടങ്ങിയവയും വിദ്യാര്‍ഥികള്‍ പരിശീലിക്കുന്നുണ്ട്. പദ്ധതിയിലെ സർഗാത്മക പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി എഴുത്തും വരകളും ചിന്തകളുമെല്ലാം ഡിജിറ്റൽ രൂപത്തിലേക്കു മാറ്റി ഓരോ വർഷവും കുട്ടികൾ ഡിജിറ്റൽ മാഗസിനുകൾ തയാറാക്കുന്നത്. ഹരിത ഭൂമി സങ്കൽപം ഊട്ടിയുറപ്പിക്കുന്ന തരത്തിൽ കടലാസ് രഹിതമായും പണച്ചെലവില്ലാതെ ഏറ്റവും മെച്ചപ്പെട്ട തരത്തിൽ തയ്യാറാക്കാനും ലോകം മുഴുവൻ കാണുന്ന തരത്തിൽ പ്രദർശിപ്പിക്കാനും ഇതുവഴി സംവിധാനമൊരുങ്ങിക്കഴിഞ്ഞതായി കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
സ്‍കൂളിലെ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍നിന്നും പി.ടി.എ അംഗങ്ങളിൽനിന്നും ശേഖരിച്ച സൃഷ്ടികള്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ സ്വന്തമായി ടൈപ്പ് ചെയ്ത്, ലേഔട്ട് ചെയ്താണ് മാഗസിനുകള്‍ പൂര്‍ത്തിയാക്കിയത്. കയ്യെഴുത്ത് മാസികകളുടേയും, പ്രിന്‍റ് മാഗസിനുകളുടേയും പരിമിതികളില്ലാതെ ലോകത്തെ മുഴുവന്‍ ആളുകള്‍ക്കും സ്കൂളിലെ സൃഷ്ടികള്‍ കാണാന്‍ ഡിജിറ്റല്‍ മാഗസിനുകള്‍ അവസരമൊരുക്കുന്നുണ്ട്.
കഥയും കവിതയും ലേഖനങ്ങളുമെല്ലാം ചിത്രങ്ങളുടേയും ഗ്രാഫിക്സിന്റേയും അകമ്പടിയോടെ വിവിധ പേരുകളിലുള്ള ഡിജിറ്റല്‍ മാഗസിനുകളില്‍ കാണാവുന്നതാണ്. പേജ് ലേഔട്ട് ചെയ്യുന്നതിനായി ലിബര്‍ ഓഫീസ് വേര്‍ഡ് പ്രോസസര്‍ ചിത്രങ്ങൾ തയാറാക്കുന്നതിനും കവർ ലേഔട്ട് ചെയ്യുന്നതിനുമായി ജിമ്പ്, ഇങ്ക്സ്‍കേപ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ കുട്ടികള്‍ പ്രയോജനപ്പെടുത്തി.
പ്രഥമാധ്യാപകന്‍, സ്റ്റാഫ് എഡിറ്റര്‍, സ്റ്റുഡന്റ് എഡിറ്റര്‍ എന്നിവരടങ്ങുന്നതാണ് മാഗസിന്‍ പത്രാധിപസമിതി. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളെക്കൂടാതെ സ്‍കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളും ഇ-മാഗസിന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും വിപുലമായ തോതില്‍ ഡിജിറ്റല്‍ മാഗസിനുകള്‍ പൊതുഡൊമൈനില്‍ ലഭ്യമാക്കി വരുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടപ്പാക്കിയ ഹൈടെക് പദ്ധതിയുടെ ഭാഗമായാണ് ‘ലിറ്റിൽ കൈറ്റ്‌സ്’ ഐ.ടി ക്ലബ് ഹൈസ്‍കൂളുകളിൽ ആരംഭിച്ചത്. ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിലും സ്‍കൂളിലെ ഐ.ടി പ്രവർത്തനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഈ ഐ.ടി. കൂട്ടായ്മയിൽ നിലവിൽ 1.5 ലക്ഷം കുട്ടികൾ അംഗങ്ങളാണ്.
Adjust Story Font
16

