കോഴി വളർത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം ഈ 'തീറ്റക്കാര്യം'

ശാസ്ത്രീയമായ രീതിയില്‍ തീറ്റ നല്‍കിയാല്‍ ഇറച്ചിക്കോഴിയും മുട്ടക്കോഴിയും വളര്‍ത്തുന്നവര്‍ക്ക് നല്ല റിസള്‍ട്ട് ലഭിക്കും

MediaOne Logo

  • Updated:

    2020-09-08 12:42:53.0

Published:

8 Sep 2020 12:42 PM GMT

കോഴി വളർത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം ഈ തീറ്റക്കാര്യം
X

കോഴിവളർത്തൽ ഉപജീവനമാർഗമായി സ്വീകരിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിലും വർധിക്കുകയാണ്. ഇറച്ചി, മുട്ട ആവശ്യങ്ങൾക്കു വേണ്ടിയുള്ള കോഴിവളർത്തലിന്റെ പ്രധാന ആകർഷണം താരതമ്യേന അധ്വാനം കുറവും ഫലം കൂടുതലും ആണെന്നതാണ്. ശാസ്ത്രീയമായ രീതിയിൽ പരിചരിച്ചാൽ കോഴിവളർത്തൽ കൂടുതൽ ലാഭകരമാക്കാൻ കഴിയും.

ഇന്ന് നമ്മുടെ നാട്ടിൽ അത്യുൽപാദനശേഷിയുള്ള കോഴികൾ ധാരാളമുണ്ട്. വർഷത്തിൽ 90 മുതൽ 100 മുട്ട വരെ ലഭിച്ചിരുന്ന നാടൻ കോഴികളിൽ നിന്ന്, വർഷത്തിൽ 300 - 320 വരെ മുട്ടകൾ ലഭിക്കുന്ന കോഴികളിലേക്ക് ഈ രംഗം വികസിക്കുകയുണ്ടായി. എട്ടാഴ്ച കൊണ്ട് രണ്ട് കിലോ തൂക്കം ലഭിച്ചിരുന്ന ബ്രോയ്‌ലർ കോഴികൾക്ക് ഇപ്പോൾ ആറാഴ്ച കൊണ്ട് 2.200 കിലോ തൂക്കം ലഭിക്കുന്ന വിധത്തിലേക്ക് ശാസ്ത്രം വികസിച്ചു.

എന്നിരുന്നാലും വ്യാവസായികാടിസ്ഥാനത്തിൽ ലഭിക്കുന്നത്ര മുട്ടയും ഇറച്ചിയും, ഇത്തരം കോഴികൾ വാങ്ങി വളർത്തുന്ന സാധാരണ കർഷകർക്ക് ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. എന്താണ് ഇതിനു പ്രധാന കാരണം?

വ്യാവസായികാടിസ്ഥാനത്തിൽ ലഭിക്കുന്നത്ര മുട്ടയും ഇറച്ചിയും സാധാരണ കോഴി കർഷകർക്ക് ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. എന്താണ് കാരണം?

കോഴിവളർത്തുന്നതിൽ ശാസ്ത്രീയ പരിജ്ഞാനമില്ലാത്തതാണ് ഇതിനുള്ള പ്രധാന കാരണമെന്ന് ഒറ്റവാക്കിൽ പറയാം. അനുയോജ്യമായ കോഴിത്തീറ്റകൾ വാങ്ങാൻ പല കർഷകർക്കും അറിയാതെ വരികയും അവർ ചൂഷണത്തിന് പാത്രമാവുകയും ചെയ്യുന്നു. കോഴിവളർത്തലിന്റെ ശാസ്ത്രീയ രീതികൾ മനസിലാക്കുന്നത് വിപണിയിലെ ചൂഷണത്തിൽ നിന്ന് രക്ഷ നേടാനും, സംരംഭത്തിൽ ആത്മവിശ്വസത്തോടെ വിജയം കൈവരിക്കാനും സഹായിക്കും.

കോഴിവളർത്തലിൽ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണല്ലോ തീറ്റ. ഏത് തരം കോഴിക്ക് ഏതുവിധമുള്ള തീറ്റ, എത്ര അളവിൽ നൽകണമെന്ന കാര്യത്തിൽ പരിചയസമ്പന്നർക്കു പോലും സംശയമാണ്. അനുയോജ്യമായ കോഴിത്തീറ്റകൾ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് പരിശോധിക്കാം.

ഇന്ന് കേരള വിപണിയിൽ പ്രീസ്റ്റാർട്ടർ , സ്റ്റാർട്ടർ, ഫിനിഷർ, ലയർ, ഗ്രോവെർ, സ്റ്റാൾ ഫീഡ് തുടങ്ങി പല തരം കോഴിത്തീറ്റകൾ ലഭ്യമാണ്. ഇവ ഓരോന്നും പ്രത്യേകം ഉപയോഗത്തിനുള്ളതാണ്. ഇവയുടെ ഉപയോഗം തിരിച്ചറിയാതെ കർഷകർ മാറി മാറി നൽകുന്നത് കണ്ടിട്ടുണ്ട്. അത് സാമ്പത്തിക നഷ്ടവും ഉത്പാദന നഷ്ടവും വരുത്തിവെക്കാനിടയാക്കും.

ഓരോ ഇനം കോഴിക്കും നൽകേണ്ട തീറ്റക്രമം താഴെ വിവരിക്കുന്നു:

ബ്രോയ്‌ലർ കോഴികൾ

ബ്രോയ്‌ലർ കോഴികൾ 42 ദിവസം കൊണ്ട് 2.200 കിലോ തൂക്കം ലഭിക്കുന്നു.

തീറ്റക്രമം:

1 ദിവസം മുതൽ 7 ദിവസം വരെ പ്രീസ്റ്റാർട്ടർ.

7 ദിവസം മുതൽ 21 ദിവസം വരെ സ്റ്റാർട്ടർ.

21 ദിവസം മുതൽ 42 ദിവസം വരെ ഫിനിഷർ.

ബ്രോയ്‌ലർ കോഴികളുടെ തീറ്റയ്ക്ക് പ്രത്യേക നിയന്ത്രണമൊന്നുമില്ല. എത്ര കഴിക്കുന്നോ അത്രയും നൽകാം. പക്ഷെ ഓരോ പ്രായത്തിലും കഴിക്കുന്നതിനു പരിധി ഉണ്ട്. ബ്രോയ്‌ലർ കോഴികൾക്ക് ഒരിക്കലും ലയർ ഫീഡ് ഗ്രോവെർ ഫീഡോ നൽകരുത്. തൂക്കം ലഭിക്കില്ല.

ബ്രോയ്‌ലർ കോഴികൾക്ക് ഒരിക്കലും ലയർ ഫീഡ് ഗ്രോവെർ ഫീഡോ നൽകരുത്. തൂക്കം ലഭിക്കില്ല.

മുട്ടക്കോഴികൾ

ബി.വി380/ വൈറ്റ് ലെഗ്‌ഹോൺ / സുവർണ

വർഷത്തിൽ 300 മുട്ട വരെ ലഭിക്കുന്ന കോഴികളാണ് ബി.വി380 കോഴികൾ

തീറ്റക്രമം:

1 ദിവസം മുതൽ 7 ദിവസം വരെ പ്രീസ്റ്റാർട്ടർ.

8 ദിവസം മുതൽ 45 ദിവസം വരെ സ്റ്റാർട്ടർ.

45 ദിവസം മുതൽ 6 മാസം/ആദ്യത്തെ മുട്ട വരുന്നത് മുതൽ വരെ ഗ്രോവെർ.

6 മാസം മുതൽ 1.5 വർഷം വരെ ലയർ തീറ്റ.

6 മാസത്തിനു ശേഷം 120ഗ്രാം ലയർ തീറ്റ മാത്രമേ നൽകാവൂ.

ബി.വി 380 കോഴികൾക്ക് വീട്ടിലെ ഭക്ഷണ വേസ്റ്റ് അഥവാ ചോറ് നൽകുന്നത് മുട്ടയുൽപാദനം ഗണ്യമായി കുറയ്ക്കും.

ബി.വി 380 കോഴികൾക്ക് ഫിനിഷർ തീറ്റ കൊടുത്താൽ അവ മുട്ടയിടുകയില്ല.

ഗ്രാമശ്രീ / ഗ്രാമപ്രിയ

വർഷത്തിൽ 150-200 മുട്ട വരെ ലഭിക്കുന്നവയാണ് ഗ്രാമശ്രീ ഗ്രാമപ്രിയ കോഴികള്‍.

തീറ്റക്രമം:

1 ദിവസം മുതൽ 12 ദിവസം വരെ പ്രീസ്റ്റാർട്ടർ. കൂടെ വീട്ടിലെ ഭക്ഷണ വേസ്റ്റ് നൽകാവുന്നതാണ്.

12 ദിവസം മുതൽ 45 ദിവസം വരെ സ്റ്റാർട്ടർ + ഭക്ഷണ വേസ്റ്റ്.

45 ദിവസം മുതൽ 6മാസം വരെ ഗ്രോവെർ + ഭക്ഷണ വേസ്റ്റ്.

6 മാസം മുതൽ 1.5 വർഷം വരെ ലയർ.

6 മാസത്തിനു ശേഷം 60 ഗ്രാം ലയർ തീറ്റയും 60ഗ്രാം വീട്ടിലെ ഭക്ഷണ വേസ്റ്റ് നൽകാം.

വീട്ടിലെ ഭക്ഷണ വേസ്റ്റ് (ചോറ്) അധികമായി നല്‍കുന്നത് മുട്ടയുല്‍പാദം കുറയാനും നിലയ്ക്കാനും കാരണമാവും.

കാടക്കോഴികൾ

1 ദിവസം മുതൽ 7 ദിവസം വരെ പ്രീസ്റ്റാർട്ടർ.

7 ദിവസം മുതൽ 45 ദിവസം വരെ സ്റ്റാർട്ടർ.

45 ദിവസം മുതൽ മുട്ടയിട്ടു തുടങ്ങും 25 -30 ഗ്രാം കാട ലയർ തീറ്റ നൽകുക.

കാടകൾക്ക് കോഴിത്തീറ്റ ലയർ നൽകരുത്. മുട്ടയുല്പാദനം കുറയും.

സ്റ്റാൾ ഫീഡ്:

ബ്രോയ്‌ലർ കട്ടിംഗ് ഷോപ്പുകളിൽ ബ്രോയ്‌ലർ കോഴികൾക് തൂക്കം കുറവ് വരാതിരിക്കാൻ വേണ്ടിയാണ് സ്റ്റാൾ ഫീഡ് നൽകുന്നത്. സ്റ്റാൾ ഫീഡ് തൂക്കം വർധിപ്പിക്കുകയില്ല. അതിനാൽ വിലയും കുറവാണ്.

കൃത്യമായ അളവിൽ അനുയോജ്യമായ ഇനം തീറ്റ നൽകിയാൽ മാത്രമേ ഉദ്ദേശിച്ച ഉത്പാദനം ലഭിക്കുകയുള്ളു. അതുല്പാദന ശേഷിയുള്ള കോഴികളുടെ ജനിതകശേഷി പൂർണമായി ഉപയോഗിക്കുന്നതിൽ തീറ്റ ഒരു സുപ്രധാന ഘടകം തന്നെയാണ്.

(തമിഴ്‌നാട്ടിൽ സുഗുണ ഫുഡ്‌സിൽ വെറ്ററിനറി ഡോക്ടറാണ് ലേഖകൻ)

TAGS :

Next Story