Quantcast

അക്രമ രാഷ്ട്രീയത്തിനെതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കും: തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി

പിന്തുണയുമായി ബിജെപി നേതാക്കൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് സി ഒ ടി നസീര്‍ പറഞ്ഞു. സിപിഎം മുന്‍ പ്രാദേശിക നേതാവാണ് സിഒടി.

MediaOne Logo

Web Desk

  • Published:

    23 March 2021 11:41 AM GMT

അക്രമ രാഷ്ട്രീയത്തിനെതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കും: തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി
X

അക്രമ രാഷ്ട്രീയത്തിനെതിരെ ആരും വോട്ട് തന്നാലും സ്വീകരിക്കുമെന്ന് തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീർ. പിന്തുണയുമായി ബിജെപി നേതാക്കൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. നീതി നിഷേധത്തിനെതിരെയാണ് തന്‍റെ പോരാട്ടം. അക്രമ രാഷ്ട്രീയത്തിന്റെ പേരിൽ ഒറ്റപ്പെട്ട നഗരമാണ് തലശ്ശേരി. താന്‍ മുന്നോട്ടുവെയ്ക്കുന്ന അഹിംസാ സന്ദേശത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും സി ഒ ടി നസീര്‍ പറഞ്ഞു.

തലശ്ശേരിയിലെ മുന്‍ പ്രാദേശിക സിപിഎം നേതാവാണ് സിഒടി. പിന്നീട് സിപിഎമ്മിനോട് അകന്ന നസീര്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ചിരുന്നു. ഇതിനിടെ സിഒടി നസീര്‍ ആക്രമിക്കപ്പെട്ടു. പിന്നില്‍ എ എന്‍ ഷംസീര്‍ ആണെന്ന ആരോപണം ഉയര്‍ന്നു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ നസീര്‍ സ്ഥാനാര്‍ഥിയാവുകയും ചെയ്തു.

തലശ്ശേരിയില്‍ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ പ്രതിസന്ധിയിലാണ് ബിജെപി. ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി എന്‍ ഹരിദാസിനൊപ്പം ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളിപ്പോയിരുന്നു. സ്വതന്ത്രരെ ആരെയെങ്കിലും പിന്തുണയ്ക്കാമെന്ന് വെച്ചാല്‍ ആകെയുള്ള സ്വതന്ത്രന്‍ സി ഒ ടി നസീര്‍ മാത്രമാണ്. യുഡിഎഫിനും എല്‍ഡിഎഫിനും വോട്ട് ചെയ്യില്ലെന്ന് ബിജെപി നേതൃത്വം പറയുന്നുണ്ടെങ്കിലും വോട്ട് യുഡിഎഫിന് പോകുമോയെന്ന ആശങ്ക എല്‍ഡിഎഫിനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22125 വോട്ട് പിടിച്ച ബിജെപിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ 20249 വോട്ട് കിട്ടി. ആ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന് പോയാല്‍ വിജയത്തെ ബാധിക്കുമെന്ന് സിപിഎമ്മിന് ആശങ്കയുണ്ട്. കഴിഞ്ഞ തവണ ഷംസീറിന്‍റെ ഭൂരിപക്ഷം 34117 ആയിരുന്നു.

എ.എന്‍ ഷംസീറിനും എം.പി അരവിന്ദാക്ഷനും വോട്ട് കൊടുക്കില്ലെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും വോട്ട് ചെയ്യാതെ വിട്ടുനില്‍ക്കണമെന്ന് അണികളോട് പറയാനുള്ള സാധ്യത കുറവാണ്. മനസാക്ഷി വോട്ടെന്ന നിലപാടിലേക്ക് മാറണമെന്ന അഭിപ്രായം നേതാക്കളില്‍ ചിലര്‍ക്കുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story