Quantcast

കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർഥിക്ക് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ടെന്ന് ആരോപണം

എല്‍ഡിഎഫ് കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും കലക്ടർക്കും പരാതി നൽകി.

MediaOne Logo

Web Desk

  • Published:

    25 March 2021 1:42 AM GMT

കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർഥിക്ക് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ടെന്ന് ആരോപണം
X

കൈപ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിന് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ടുകൾ ഉള്ളതായി ആരോപണം. എല്‍ഡിഎഫ് കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും കലക്ടർക്കും പരാതി നൽകി.

കൈപമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിന് നാട്ടികയിലും കൈപ്പമംഗലത്തും വോട്ടുണ്ടെന്നാണ് പരാതി. നാട്ടിക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിലുള്ള 144- ആം നമ്പർ ബൂത്തിൽ ക്രമനമ്പർ 10 ആയും, അതേ ബൂത്തിൽ തന്നെ ക്രമനമ്പർ 1243 ആയും വോട്ടർ പട്ടികയിൽ ശോഭാ സുബിന്റെ പേരുണ്ടെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. കയ്പമംഗലം മണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തിൽ ബൂത്ത് നമ്പർ 27 ൽ ക്രമനമ്പർ 763 ആയും പേരുണ്ട്. ശോഭ സുബിന്റെ പേരുൾപ്പെട്ട വോട്ടർ പട്ടികകളുടെ പകർപ്പടക്കം എല്‍ഡിഎഫ് പരാതി നൽകി.

മാത്രമല്ല രണ്ട് തിരിച്ചറിയൽ കാർഡുകളും ശോഭ സുബിന്റെ പേരിലുള്ളതായി ഇലക്ഷൻ കമ്മീഷന്റെ വെബ്‍സൈറ്റിലുണ്ട്. നാട്ടിക നിയോജക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിലുള്ള 144-ആം നമ്പർ ബൂത്തിൽ ക്രമനമ്പർ 10 ൽ TAB0759035 വോട്ടർ ഐഡി നമ്പറിൽ പേരുള്ള ശോഭ സുബിന് അതേ ബൂത്തിൽ തന്നെ 1243 ആം ക്രമനമ്പറിൽ DBD 1446558 ഐ.ഡി നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡുമുണ്ട്. വോട്ടർ പട്ടികയിൽ ഇരട്ടവോട്ടും ക്രമക്കേടും ആരോപിച്ച് പ്രതിപക്ഷനേതാവ് ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story