Quantcast

'എട്ട് വർഷം മുൻപ് മരിച്ചവര്‍ക്ക് വരെ പോസ്റ്റൽ വോട്ട്' വീണ്ടും തിരിമറി ആരോപണവുമായി ചെന്നിത്തല

80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുന്നതിനെ വന്‍ തോതില്‍ ദുരുപയോഗം ചെയ്യുന്നതായി ചെന്നിത്തല

MediaOne Logo

Web Desk

  • Published:

    29 March 2021 12:13 PM GMT

എട്ട് വർഷം മുൻപ് മരിച്ചവര്‍ക്ക് വരെ പോസ്റ്റൽ  വോട്ട് വീണ്ടും തിരിമറി ആരോപണവുമായി ചെന്നിത്തല
X

സംസ്ഥാനത്ത് വ്യാപകമായി ഇരട്ടവോട്ട് ഉണ്ടെന്ന ആരോപണത്തിന് പിന്നാലെ പോസ്റ്റല്‍ വോട്ടിലും വ്യാജവോട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് രാഷ്ട്രീയ കേരളത്തെയാകെ പിടിച്ചുകുലുക്കിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്. സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ഇരട്ട വോട്ടർമാർ ഉണ്ടെന്ന ഗുരുതര ആരോപണമാണ് ചെന്നിത്തല അന്ന് ഉന്നയിച്ചത്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിപക്ഷ നേതാവിന്‍റെ പരാതിയില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റല്‍ വോട്ടിലും ക്രമക്കേട് ആരോപിച്ച് ചെന്നിത്തല രംഗത്തെത്തിയത്.

80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുന്നതിനെ വന്‍ തോതില്‍ ദുരുപയോഗം ചെയ്യുന്നതായി ചെന്നിത്തല ആരോപിച്ചു. വോട്ടർ പട്ടികയിലെ തിരിമറിക്കു പുറമെ പോസ്റ്റൽ വോട്ടുകളിലും വ്യാപകമായ കൃത്രിമത്വം നടന്നിരിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എട്ടു വർഷം മുൻപ് മരിച്ചവരും അപേക്ഷിക്കാത്തവരും വരെ പോസ്റ്റൽ വോട്ടിൽ ഉൾപ്പെട്ടുവെന്നും ഇത് വ്യാപകമായി തിരിമറി നടന്നതിന്‍റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

ഒരാൾക്കു തന്നെ അനവധി വോട്ടുകൾ സൃഷ്ടിച്ചുകൊണ്ടുള്ള വോട്ടർ പട്ടികയിലെ തിരിമറിക്കു പുറമെ പോസ്റ്റൽ വോട്ടുകളിലും വ്യാപകമായ...

Posted by Ramesh Chennithala on Monday, March 29, 2021

തിരുവനന്തപുരം സെന്‍ട്രലില്‍ മാത്രം പോസ്റ്റല്‍ വോട്ടിനുള്ള ലിസ്റ്റില്‍ മരിച്ചു പോയ എട്ടു പേരുടെ പേരുകള്‍ കടന്നു കൂടിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എട്ടു വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ പേരും രണ്ടു വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ പേരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാത്ത പലരുടെയും പേരുകളും പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ളവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഒരാൾക്കു തന്നെ അനവധി വോട്ടുകൾ സൃഷ്ടിച്ചുകൊണ്ടുള്ള വോട്ടർ പട്ടികയിലെ തിരിമറിക്കു പുറമെ പോസ്റ്റൽ വോട്ടുകളിലും വ്യാപകമായ കൃത്രിമത്വം നടന്നിരിക്കുകയാണ്. എട്ടു വർഷം മുൻപ് മരിച്ചവരും അപേക്ഷിക്കാത്തവരും പോസ്റ്റൽ വോട്ടിൽ ഉൾപ്പെട്ടത് തിരിമറിയുടെ ഭാഗമായാണ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകി.

കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ജനഹിതം അട്ടിമറിക്കുന്നതിനായി ഇടത് അനുകൂല സംഘടനകളിൽപ്പെട്ടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വ്യാപകമായ തിരിമറി നടന്നിരിക്കുന്നത്. സിപിഎം ആണ് ഇതിനു പിന്നിൽ. പോസ്റ്റല്‍ വോട്ടുകള്‍ പലയിടത്തും സീല്‍ഡ് ബാലറ്റ് ബോക്സുകളിൽ അല്ല ശേഖരിക്കുന്നത്. ഇവ കൊണ്ടുവയ്ക്കുന്ന സ്ട്രോംഗ് റൂമുകളില്‍ പലയിടത്തുംസി സി ടി വി ക്യാമറകള്‍ ഇല്ല. ഇടതു പക്ഷ സര്‍വ്വീസ് സംഘടനകളില്‍പ്പെട്ടവര്‍ ഈ ബാലറ്റുകളില്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ട്.

80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുകയാണ്. വന്‍ തോതില്‍ കൃത്രിമമാണ് ഇതില്‍ നടക്കുന്നത്.

തിരുവനന്തപുരം സെന്‍ട്രലില്‍ മാത്രം പോസ്റ്റല്‍ വോട്ടിനുള്ള ലിസ്റ്റില്‍ മരിച്ചു പോയ എട്ടു പേരുടെ പേരുകള്‍ കടന്നു കൂടിയിട്ടുണ്ട്. എട്ടു വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ പേരും രണ്ടു വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ പേരും ഉണ്ട്. പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാത്ത പലരുടെയും പേരുകളുണ്ട്.ഇത് സംബന്ധിച്ച് വി.എസ്.ശിവകുമാറിന്റെ ഇലക്ഷന്‍ ഏജന്റ് പി.കെ.വേണുഗോപാല്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത വിജയം ലഭിച്ചതിന്റെ പ്രധാന കാരണം വോട്ടര്‍ പട്ടികയിലെ വ്യാജവോട്ടുകളും പോസ്റ്റല്‍ വോട്ടുകളിലെ തിരിമറിയുമാണ്. അല്ലാതെ പിണറായി സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് പെട്ടെന്ന് സ്നേഹം തോന്നിയതല്ല. സാമാന്യ ജനങ്ങളുടെ പൊതുബോധത്തെ അട്ടിമറിച്ചുകൊണ്ടാണ് ഇടതുമുന്നണി വിജയം നേടിയത്. അതിന് കാരണം ഈ അട്ടിമറിയാണ്. ഒരോ മണ്ഡലത്തിലും പതിനായിരത്തിലേറെ വ്യാജവോട്ടര്‍മാരാണുള്ളത്.

കോവിഡ് രോഗികളുടെയും ക്വാറന്റെയിനിൽ കഴിഞ്ഞിന്നിരുന്നവരുടെയും വോട്ടുകള്‍ കഴിഞ്ഞ തവണ ശേഖരിച്ചിരുന്നു. അതിലും വന്‍ തിരിമറി നടന്നു. വ്യാപകമായി കള്ളവോട്ട് ചേര്‍ത്തതിലൂടെ ജനഹിതം അട്ടിമറിക്കുക മാത്രമല്ല ജനങ്ങളെ വഞ്ചിക്കുക കൂടിയാണ് സിപിഎമ്മും ഇടതുമുന്നണിയും ചെയ്യുന്നത്.

ഇത്തവണ ഏതായാലും അത് നടപ്പില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരാൾ പല വോട്ടുകൾ ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്യുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story