Quantcast

തലസ്ഥാനം പിടിക്കുന്നവര്‍ കേരളം ഭരിക്കുമോ? തിരുവനന്തപുരത്ത് കനത്ത പോര്

നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളെ ശക്തമായ ത്രികോണ പോരാട്ടത്തിലേക്ക് എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    4 April 2021 1:32 AM GMT

തലസ്ഥാനം പിടിക്കുന്നവര്‍ കേരളം ഭരിക്കുമോ? തിരുവനന്തപുരത്ത് കനത്ത പോര്
X

തെര‍ഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും സ്വാധീനമുണ്ടായിരുന്ന തിരുവനന്തപുരത്തെ മിക്ക മണ്ഡലങ്ങളിലും അടുത്ത കാലത്തായി ബിജെപി കൂടി കടന്നു കയറിയിട്ടുണ്ട്. രാഷ്ട്രീയ വിവാദങ്ങളും പൊതുകാലാവസ്ഥയും വോട്ടര്‍മാരെ ബാധിക്കുന്ന സ്ഥലം കൂടിയാണ് തലസ്ഥാന ജില്ല. തിരുവനന്തപുരം ജില്ലയില്‍ മുന്നേറ്റമുണ്ടാക്കിയാല്‍ ഭരണം പിടിക്കാന്‍ കഴിയുമെന്ന വിശ്വാസം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്.

14 നിയമസഭ മണ്ഡലങ്ങളാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. 2016ലെ തെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് ജയിച്ച ഇടത് മുന്നണി വട്ടിയൂര്‍ക്കാവ് ഉപതെര‍ഞ്ഞെടുപ്പിലൂടെ അത് പത്താക്കി ഉയര്‍ത്തി. കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി നേമത്ത് താമര വിരിഞ്ഞതോടെ ചില മണ്ഡലങ്ങളില്‍ ബിജെപിയും പ്രധാന ശക്തിയായി വളര്‍ന്ന് തുടങ്ങി. നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളെ ശക്തമായ ത്രികോണ പോരാട്ടത്തിലേക്ക് എത്തിക്കാന്‍ ബിജെപിക്ക് ഇത്തവണ കഴിഞ്ഞിട്ടുണ്ട്.

നേമത്തെ ബിജെപി വോട്ടുകളില്‍ വിള്ളലുണ്ടാക്കുകയും ന്യൂനപക്ഷ വോട്ടുകള്‍ ഒരിടത്തേക്ക് കേന്ദ്രീകരിക്കുകയും ചെയ്താല്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നാണ് എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും പ്രതീക്ഷ. നേമത്തെ സിറ്റിങ് സീറ്റ് നിലനിര്‍ത്തുക എന്ന വലിയ വെല്ലുവിളി ഉള്ളത് കൊണ്ട് ആര്‍എസ്എസ് നേരിട്ട് തന്നെയാണ് നേമത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

അരുവിക്കര, വര്‍ക്കല മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. കോവളത്തും നെടമങ്ങാടും വാമനപുരത്തും ബിജെപി പിടിക്കുന്ന വോട്ടുകള്‍ മറ്റ് രണ്ട് മുന്നണികള്‍ക്കും നിര്‍ണ്ണായകമാണ്. സിറ്റിങ് സീറ്റുകളില്‍ വേഗത്തില്‍ വിജയിച്ച് കയറാമെന്ന പ്രതീക്ഷ ഇടത് മുന്നണിക്കും ഐക്യ മുന്നണിക്കും ഉണ്ടായിരുന്നെങ്കിലും മിക്കയിടത്തും കടുത്ത പോരാട്ടത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. തലസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളും പിടിച്ചാല്‍ സംസ്ഥാനം ഭരിക്കാമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫും യുഡിഎഫും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story