Quantcast

തുണച്ചത് പൈലറ്റിന്റെ വൈദഗ്ധ്യം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൊട്ടടുത്തുള്ള മതിലിൽ കോപ്ടറിന്റെ ലീഫ് തട്ടാതിരുന്നതും രക്ഷയായി

MediaOne Logo

Web Desk

  • Published:

    11 April 2021 9:25 AM GMT

തുണച്ചത് പൈലറ്റിന്റെ വൈദഗ്ധ്യം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
X

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലി അടക്കം ഏഴു പേർ സഞ്ചരിച്ച ഹെലികോപ്ടർ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യന്ത്രത്തകരാർ സംഭവിച്ചതിന് പിന്നാലെ ചതുപ്പിൽ ഇടിച്ചിറക്കാൻ പൈലറ്റ് കാണിച്ച വൈദഗ്ധ്യമാണ് വഴിത്തിരിവായത്. ഇത് അപകടത്തിൽ ആഘാതം കുറച്ചു. തൊട്ടടുത്തുള്ള മതിലിൽ കോപ്ടറിന്റെ ലീഫ് തട്ടാതിരുന്നതും രക്ഷയായി.

മുട്ടൊപ്പം വെള്ളമുള്ള ചതുപ്പിലാണ് കോപ്ടർ ക്രാഷ് ലാൻഡ് ചെയ്തത്. നിമിഷ നേരം കൊണ്ടാണ് കോപ്ടർ വീണത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. പൈലറ്റ് ഉൾപ്പെടെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.

സംഭവത്തെ കുറിച്ച് പ്രദേശവാസി പറയുന്നതിങ്ങനെ;

'രാവിലെ 8.30ഓടെയാണ് സംഭവം. മഴയുണ്ടായിരുന്നു. വലിയ ശബ്ദത്തോടെയാണ് ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയത്. വേറെ സ്ഥലത്തായിരുന്നെങ്കിൽ കത്തിപ്പിടിച്ചേനെ. പുള്ളി ചെയ്ത പുണ്യത്തിൻറെ ഫലം കൊണ്ടാണ് ഇങ്ങനെ ആയത്. പൈലറ്റടക്കം അഞ്ച് പേരുണ്ടായിരുന്നു. സാധാരണ ഗ്രൌണ്ടിലാണ് വന്നിറങ്ങാറുള്ളത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയവർ ഹെലികോപ്റ്ററിലുണ്ടായിരുന്നവരെ പുറത്തുവരാൻ സഹായിച്ചു. ഉടൻ തന്നെ പൊലീസിനെ അറിയിച്ചു'.

ഹെലികോപ്റ്ററിൽ നിന്ന് യൂസഫലിയെയും മറ്റുള്ളവരെയും പുറത്തെത്തിച്ച പ്രദേശവാസി പറയുന്നതിങ്ങനെ-

'സാറിനെ ആദ്യം താങ്ങിക്കൊണ്ടുവന്ന് ഇരുത്തി. ആദ്യം ഇരിക്കാനായില്ല. നടുവേദനയുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിൻറെ ഭാര്യയെയും ഇറക്കി. യൂസഫലിയെ ടിവിയിലൊക്കെ കണ്ട് പരിചയമുണ്ടായിരുന്നു. അങ്ങനെ തിരിച്ചറിഞ്ഞു. ഇനി പുള്ളിയല്ല ആരായാലും നമ്മൾ രക്ഷിക്കുമല്ലോ. പൈലറ്റ് ഹിന്ദിയോ മറ്റോ ആണ് സംസാരിച്ചത്. ഒന്നും മനസ്സിലായില്ല. പൊലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആർക്കും വലിയ പരിക്കുകളൊന്നുമില്ല. അതുകൊണ്ടുതന്നെ വലിയ സന്തോഷം.

TAGS :

Next Story