കോട്ടയം നഗരസഭയുടെ അക്കൗണ്ടിൽ 211 കോടി കാണാതായതിൽ പുതിയ വിവാദം; അന്വേഷണം പൂർത്തിയാക്കാൻ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥർ ഇല്ലെന്ന് സെക്രട്ടറി
റിപ്പോർട്ടിൻ്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു

കോട്ടയം: കോട്ടയം നഗരസഭയുടെ അക്കൗണ്ടിൽ നിന്നും 211 കോടി കാണാനില്ലെന്ന വിഷയത്തിൽ പുതിയ വിവാദം. ഏഴ് ദിവസം കൊണ്ട് അഭ്യന്തര അന്വേഷണം പൂർത്തിയാക്കാനുള്ള കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥർ നഗരസഭയിൽ ഇല്ലെന്ന് സെക്രട്ടറിയുടെ റിപ്പോർട്ട് . കൂടുതൽ സമയം വേണമെന്നും സ്ഥലം മാറി പോയവരോടും വിരമിച്ചവരോടും വിവരങ്ങൾ തേടണമെന്നും ചെയർപേഴ്സണ് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിൻ്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
നഗരസഭയിൽ 211 കോടിയുടെ ക്രമക്കേട് നടന്നതായി തദ്ദേശ വകുപ്പ് ഇന്‍റേണൽ വിജിലൻസിന്‍റെ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതിനെ ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നതിനിടെയാണ് സെക്രട്ടറിയുടെ വിചിത്ര റിപ്പോർട്ട്. വിഷയത്തിൽ ഏഴു ദിവസത്തിനുളളിൽ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിലവിലെ ഉദ്യോഗസ്ഥസംവിധാനം മതിയാകില്ലെന്നാണ് സെക്രട്ടറിയുടെ റിപ്പോർട്ട്. മാസങ്ങളെടുത്ത് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലിനെക്കുറിച്ച് ഏഴു ദിവസം കൊണ്ട് പരിശോധിക്കാനാവില്ലെന്ന് സെക്രട്ടറി മുനിസിപ്പൽ ചെയർപേഴ്സന് എഴുതി നൽകിയ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയാൽ മാത്രമേ ഇത്രയും വലിയ തുകയുടെ അന്തരം കണ്ടെത്താനാകൂ.
ഓഫീസ് രേഖകൾ പരിശോധിക്കാൻ ഡെപ്യൂട്ടി മുനിസിപ്പൽ സെക്രട്ടറി, അക്കൗണ്ട്സ് സൂപ്രണ്ട് എന്നിവർക്ക് നിർദേശം നൽകി. വർഷങ്ങളായുള്ള അക്കൗണ്ട്സ് സംവിധാനമായതിനാൽ കൂടുതൽ സമയം ആവശ്യമാണെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. അക്കൗണ്ട്സ്, റവന്യൂ വിഭാഗങ്ങളിൽ ജോലി ചെയ്ത മുൻ ജീവനക്കാരിൽ നിന്നും വിവരങ്ങൾ തേടണം. ഇന്‍റേണൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് നഗരസഭയ്ക്ക് ഔദ്യോഗികമായി കിട്ടിയിട്ടില്ലെന്നും സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. സെക്രട്ടറിയുടെ റിപ്പോർട്ടിനെ ചൊല്ലി നഗരസഭയിൽ ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള പോരും മുറുകയാണ്.
Adjust Story Font
16

