Quantcast

ഭക്ഷണവും വെള്ളവുമില്ലാതെ 30 മണിക്കൂർ മലയിടുക്കിൽ, സേനാദൗത്യം നാളെ; ബാബുവിനുവേണ്ടി പ്രാർത്ഥനയോടെ നാട്

പ്രത്യേക സംഘത്തിന്റെ ദൗത്യം നാളെ പുലർച്ചെ ആരംഭിക്കും. നേരത്തെ നേവി ഹെലികോപ്റ്റർ നിരീക്ഷണത്തിനുശേഷം മടങ്ങിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-02-08 17:05:23.0

Published:

8 Feb 2022 4:52 PM GMT

ഭക്ഷണവും വെള്ളവുമില്ലാതെ 30 മണിക്കൂർ മലയിടുക്കിൽ, സേനാദൗത്യം നാളെ; ബാബുവിനുവേണ്ടി പ്രാർത്ഥനയോടെ നാട്
X

പാലക്കാട് മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ കര-വ്യോമസേനകളെത്തുന്നു. മലമ്പുഴ ചെറാട് സ്വദേശി ആർ. ബാബുവാണ് എലിച്ചിരം കുറുമ്പാച്ചി മലയിൽനിന്ന് കാൽവഴുതി വീണ് മലയിടുക്കിൽ അകപ്പെട്ടത്. ഇവിടെ കുടുങ്ങിയിട്ട് ഏകദേശം 30 മണിക്കൂർ പിന്നിട്ടു. ഇതുവരെയും ഭക്ഷണം കഴിക്കാതെ ഒരു തുള്ളി വെള്ളം കുടിക്കാതെയാണ് 23കാരൻ ഇവിടെ കഴിയുന്നത്.

രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേനകൾ; അത്യാധുനിക ഹെലികോപ്ടറും

തമിഴ്‌നാട് വെല്ലിങ്ടണിൽനിന്ന് 11 അംഗസംഘമാണ് പാലക്കാട്ടേക്ക് തിരിച്ചിരിക്കുന്നത്. ഇത് കൂടാതെ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹെലികോപ്റ്ററും എത്തും. നാവികസേനാ ഉദ്യോഗസ്ഥരും നാളെ തെരച്ചിലിനായെത്തും.

ബെംഗളൂരുവിൽനിന്ന് പാരാകമാൻഡോകൾ പുറപ്പെടും. ഇവരെ വ്യോമമാർഗം സുലൂരിൽ എത്തിക്കും. അവിടെനിന്ന് റോഡ് മാർഗമാണ് സൈനികർ മലമ്പുഴയിലെ സംഭവസ്ഥലത്തെത്തുക.

മുഖ്യമന്ത്രി പിണറായി വിജയനാണ് യുവാവിനെ രക്ഷിക്കാൻ കരസേനയുടെ സഹായം തേടിയത്. കരസേനയുടെ ദക്ഷിണേന്ത്യൻ വിഭാഗത്തിലെ പ്രത്യേകസംഘം ബെംഗളൂരുവിൽനിന്ന് ഉടൻ പുറപ്പെടുമെന്ന് ദക്ഷിൺ ഭാരത് ഏരിയ ലഫ്. ജനറൽ അരുൺ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പർവതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ സംഘമാണ് രക്ഷാപ്രവർത്തനത്തിനായെത്തുന്നത്. ഹെലികോപ്റ്ററിന്റെ സഹായത്തോടെ യുവാവിനെ രക്ഷിക്കാനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രക്ഷാപ്രവർത്തകരുടെ ശ്രമം വിഫലമാവുകയായിരുന്നു.


മല കയറിയത് സുഹൃത്തുക്കൾക്കൊപ്പം; പൊലീസിനെ വിവരമറിയിച്ചതും സുഹൃത്തുക്കൾ

ബാബുവും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് തിങ്കളാഴ്ച മല കയറിയത്. ഇതിനിടെ ബാബു കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കൾ ബാബുവിനെ രക്ഷിക്കാനായി വടിയടക്കം ഇട്ടുകൊടുത്തെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ ഉച്ചയ്ക്ക് രണ്ടുമണിയോടെ സുഹൃത്തുക്കൾ മലയിറങ്ങി പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.

വീഴ്ചയിൽ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കൈയിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചുകൊടുത്തു. നിലവിൽ ഫോൺ ഓഫായ നിലയിലാണ്. രക്ഷാപ്രവർത്തകർക്ക് യുവാവ് കുപ്പായം വീശിക്കാണിക്കുകയും ചെയ്തിരുന്നു.

പ്രദേശത്ത് വന്യജീവിശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്ന് വനം വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മുമ്പും ഇവിടെ കാൽവഴുതി വീണ് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.


ഹെലികോപ്ടറെത്തിയിട്ടും രക്ഷയില്ല

പ്രദേശവാസികളും ഫയർഫോഴ്‌സും ചേർന്നാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ, അതിൽ യുവാവിനെ രക്ഷിക്കാനായില്ല. തുടർന്നാണ് മൂന്ന് സംഘങ്ങളായി പോയ വനംവകുപ്പ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മല കയറിയിറങ്ങിയത്. ചെങ്കുത്തായ മലയിടുക്കായതിനാൽ അങ്ങോട്ടേക്ക് എത്താൻ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവർത്തകർ പറഞ്ഞത്.

ഇന്നു രാവിലെ മുതൽ 21 അംഗ എൻ.ഡി.ആർ.എഫ് സംഘം രക്ഷാപ്രവർത്തനത്തിനെത്തി. പിന്നാലെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടറുമെത്തി. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണ് രക്ഷാപ്രവർത്തകർ ആദ്യം നടത്തിയത്. ആ ശ്രമം വിഫലമായി. ചെങ്കുത്തായ പാറകൾ നിറഞ്ഞ പ്രദേശത്ത് ഹെലികോപ്റ്റർ ഇറക്കുന്നത് അസാധ്യമാണ്. ഇതു തിരിച്ചറിഞ്ഞ് ഹെലികോപ്ടർ മടങ്ങി. ഹെലികോട്പർ എത്തിയതുവരെ ബാബു പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നുമുണ്ടായില്ല. ഹെലികോപ്ടർകൂടി തിരിച്ചുപോയതിനു പിന്നാലെ ഇരുട്ടുമൂടിയതും രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.


കേന്ദ്രസേനകളെത്തുന്നതോടെ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. പ്രത്യേക സംഘത്തിന്റെ ദൗത്യം നാളെ പുലർച്ചെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രാത്രി ഹെലികോപ്റ്റർയാത്ര അസാധ്യമായതിനാലാണ് നാളെ രക്ഷാപ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചത്. നേരത്തെ നേവി ഹെലികോപ്റ്റർ നിരീക്ഷണത്തിനുശേഷം മടങ്ങിയിരുന്നു. അതുവരെയും യുവാവ് സുരക്ഷിതനായിരിക്കാനാണ് കേരളത്തിന്റെ പ്രാർത്ഥന.

Summary: Babu stranded in gorge for 30 hours without food and water. The rescue mission of army will resume tomorrow early morning

TAGS :

Next Story