വാളയാർ വംശീയ ആൾക്കൂട്ട കൊല; രാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം
മന്ത്രിസഭാ യോഗത്തിലാണ് തുക സംബന്ധിച്ച് ധാരണയായത്

പാലക്കാട്: വാളയാറിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ രാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തുക സംബന്ധിച്ച് ധാരണയായത്. 25 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
പാലക്കാട് വാളയാറിൽ നടന്ന വംശീയക്കൊലയില്‍ പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നു. ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
നിലവില്‍ ഏഴുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകളടക്കം പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ പൊലീസിന്റെ അലംഭാവത്തെ തുടര്‍ന്ന് അവശേഷിക്കുന്ന പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് സൂചനകള്‍.
അതേസമയം, കൊല്ലപ്പെട്ട രാം നാരായൺ ബഹേലിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് പുലർച്ചെയാണ് രാം നാരായണിന്റെ മൃതദേഹം വിമാനമാർഗം ഛത്തീസ്ഘട്ടിലെത്തിച്ചത്. രാവിലെ 9 മണിയോടെ വസതിയിൽ പൊതുദർശനം നടത്തിയിരുന്നു.
വിഷയത്തിൽ ഇടപെട്ട ദേശീയ മനുഷ്യാവകാശകമീഷൻ ചീഫ് സെക്രട്ടറിക്ക് നോട്ടിസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ്സെക്രട്ടറി വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. കുറ്റകൃത്യം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് നാളെയ്ക്കുള്ളിൽ അന്വഷണ ഉദ്യോഗസ്ഥൻ സമർപ്പിക്കണം. പരാതിക്കാരനായ സുപ്രിംകോടതി അഭിഭാഷകൻ സുഭാഷ്തീക്കാടൻ്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ ഓൺലൈൻ മുഖേന രേഖപ്പെടുത്തി.
Adjust Story Font
16

