അവസാന യാത്രയിലും ഒരുമിച്ച്; തീരാവേദനയായി അബൂദബി വാഹനാപകടത്തിൽ മരിച്ച കുഞ്ഞുസഹോദരങ്ങൾ
കണ്ടുകൊതി തീരുന്നതിന് മുൻപെ മാതാപിതാക്കളുടെ നെഞ്ചിൽ ഒരിക്കലും അണയാത്ത തീരാവേദന കോരിയിട്ട് നാല് കുഞ്ഞുമക്കൾ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു

മലപ്പുറം: ഒരുമിച്ച് കളിച്ചു വളര്‍ന്നവര്‍...ഊണിലും ഉറക്കത്തിലും ഒന്നായിരുന്നവര്‍ ...വീട് മുഴുവൻ കളിചിരികൾ നിറച്ചവര്‍...അവര്‍ ഒരുമിച്ചാണ് ഇന്ന് അന്ത്യയാത്ര പോയത്. കണ്ടുകൊതി തീരുന്നതിന് മുൻപെ മാതാപിതാക്കളുടെ നെഞ്ചിൽ ഒരിക്കലും അണയാത്ത തീരാവേദന കോരിയിട്ട് നാല് കുഞ്ഞുമക്കൾ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.
കഴിഞ്ഞ ദിവസം അബുദബിയിലുണ്ടായ വാഹനാപകടത്തിലാണ് മലപ്പുറം കിഴിശ്ശേരി പുളിയക്കോട് മലയൻ അബ്ദുൽ ലത്തീഫിന്‍റെയും റുക്സാനയുടെയും മക്കളായ അഷാസ് (14), അമ്മാർ (12), അസം (7), അയാഷ് (5) എന്നിവര്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന വീട്ടുജോലിക്കാരി ചമ്രവട്ടം സ്വദേശി ബുഷ്‍റയും മരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന അബ്ദുൽ ലത്തീഫിന്‍റെയും റുക്സാനയുടെയും നില ഗുരുതരമാണ്.
പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായുള്ള അബൂദബിയിലെ ലിവ ഫെസ്റ്റ് കാണാൻ പോയി തിരിച്ച് വരുമ്പോഴായിരുന്നു അപകടം. അപ്രതീക്ഷിതമായി ഉണ്ടായ അപകടം ആ ഏഴംഗ കുടുംബത്തെ തകര്‍ത്തുകളഞ്ഞു. പൊട്ടിച്ചിരികളും തമാശയും ഒരുപാട് പ്രതീക്ഷകളുമായി തിരിച്ച യാത്രയിൽ നിമിഷനേരം കൊണ്ടാണ് കൂട്ടനിലവിളി ഉയര്‍ന്നത്.
അഞ്ച് മക്കളിൽ നാല് പേരെയും നഷ്ടപ്പെട്ടു. ഉപ്പയെയും ഉമ്മയെയും ഏക സഹോദരിയെ തനിച്ചാക്കി നാല് മക്കൾ ഈ ഭൂമിയിൽ നിന്നും മറഞ്ഞുകഴിഞ്ഞു. ഇന്ന് ഉച്ചക്ക് 12.30നായിരുന്നു ദുബൈ സോനാപൂരിലെ മസ്‍ജിദിൽ നമസ്കാരവും ഖബറടക്കവും നടന്നത്.
Adjust Story Font
16

