Quantcast

ഓക്‌സിജൻ ക്ഷാമം; ആർസിസിയിൽ എട്ടു ശസ്ത്രക്രിയകൾ മാറ്റിവച്ചു

പ്രതിദിനം 60-70 ഓക്‌സിജൻ സിലിണ്ടറുകൾ കേന്ദ്രത്തിൽ ആവശ്യമായി വരാറുണ്ടെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ഓക്‌സിജന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-05-08 15:14:30.0

Published:

8 May 2021 11:33 AM GMT

ഓക്‌സിജൻ ക്ഷാമം; ആർസിസിയിൽ എട്ടു ശസ്ത്രക്രിയകൾ മാറ്റിവച്ചു
X

തിരുവനന്തപുരം ആർസിസിയിൽ വൻ ഓക്‌സിജൻക്ഷാമം. ഇതേത്തുടർന്ന് ഇന്ന് നടത്താനിരുന്ന എട്ടു ശസ്ത്രക്രിയകൾ മാറ്റിവച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിൽ നടക്കുന്നത്. കോവിഡിന്റെ ഭാഗമായി ചില ക്രമീകരണങ്ങൾ ഇവിടെ നടത്തിയിരുന്നു. ഇക്കൂട്ടത്തിൽ ഇന്ന് എട്ടു ശസ്ത്രക്രിയകളാണ് നടക്കേണ്ടിയിരുന്നത്. ഇതാണ് ഓക്‌സിജൻക്ഷാമത്തെ തുടര്‍ന്ന് മാറ്റിവച്ചത്.

പ്രതിദിനം 60-70 ഓക്‌സിജൻ സിലിണ്ടറുകൾ കേന്ദ്രത്തിൽ ആവശ്യമായി വരാറുണ്ട്. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ഓക്‌സിജന് കടുത്ത ക്ഷാമം അനുഭവപ്പെടുകയാണ്. നേരത്തെ തിരുവനന്തപുരം ശ്രീചിത്രയിലും സമാനമായ സ്ഥിതിയുണ്ടായിരുന്നു. മൂന്ന് കമ്പനികളാണ് ഇവിടങ്ങളിലേക്ക് ഓക്‌സജിൻ വിതരണം നടത്തുന്നത്. മറ്റിടങ്ങളിലേക്കുകൂടി ഓക്‌സിജൻ ആവശ്യം കൂടിയതോടുകൂടിയാണ് സിലിണ്ടർ വിതരണത്തിൽ കുറവുണ്ടായത്. ഇതോടെ ഒരാഴ്ചയായി ആർസിസിയിൽ പ്രതിസന്ധി നിലനിൽക്കുകയാണ്.

ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ വരുംദിവസങ്ങളിൽ ക്രമീകരണങ്ങൾ നടത്തുമെന്ന് ആശുപത്രി അധികൃതരും ആരോഗ്യ വകുപ്പും 'മീഡിയാവണ്ണി'നോട് പ്രതികരിച്ചു. മറ്റിടങ്ങളിൽനിന്നായി ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

നേരത്തെ ശ്രീചിത്രയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് ആശുപത്രി അധികൃതർ കലക്ടർക്ക് കത്തുനൽകിയിരുന്നു. ഓക്‌സിജൻ വിതരണം കൃത്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. അടിയന്തര ശസ്ത്രക്രിയകൾ വരെ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് നിർത്തിവയ്‌ക്കേണ്ടിവന്ന ഘട്ടത്തിലായിരുന്നു ഇത്. തുടർന്ന് കലക്ടർ ഇടപെടുകയും ഐഎസ്ആർഒയിൽനിന്നുൾപ്പെടെ കൂടുതൽ സിലിണ്ടറുകൾ എത്തിക്കുകയും ചെയ്തു. ഇതേ സാഹചര്യമാണ് നിലവിൽ ആർസിസിയും നേരിടുന്നത്.

TAGS :

Next Story