'കോട്ടയത്തെ റെയ്ഡ് ഫോണിൽ പകർത്തിയ 16കാരനെ പിടിച്ചുകൊണ്ടുപോയി' : മൂവാറ്റുപുഴ അഷ്റഫ് മൗലവി

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്ത് നാളെ ഹർത്താൽ പ്രഖ്യാപിച്ചു

MediaOne Logo

ijas

  • Updated:

    2022-09-22 10:50:11.0

Published:

22 Sep 2022 10:46 AM GMT

കോട്ടയത്തെ റെയ്ഡ് ഫോണിൽ പകർത്തിയ 16കാരനെ പിടിച്ചുകൊണ്ടുപോയി : മൂവാറ്റുപുഴ അഷ്റഫ് മൗലവി
X

കോഴിക്കോട്: പോപുലർ ഫ്രണ്ടിന്‍റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമായി എന്‍.ഐ.എ, ഇ.ഡി സംയുക്ത റെയ്ഡ് ആശ്ചര്യപ്പെടുത്തുന്നില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. അടുത്തിടെ കേന്ദ്ര ഏജൻസികൾ നടത്തിയ ഇടപെടലുകൾ ഭീകരമാണെന്നും അതിന്‍റെ ഭാഗമായാണ് പോപുലർ ഫ്രണ്ടിനെതിരായ വേട്ടയെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് ഫോണിൽ പകർത്തിയ പതിനാറുക്കാരനെ പിടിച്ചു കൊണ്ട് പോയതായും റെയ്ഡിന് കാരണമെന്തെന്ന് വിശദീകരിക്കാൻ എന്‍.ഐ.എയ്ക്ക് കഴിഞ്ഞില്ലെന്നും അഷ്റഫ് മൗലവി ആരോപിച്ചു.

അതെ സമയം പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പോപുലർ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്‌ഡ്‌ ആണ് സംഘടിപ്പിച്ചത്. ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

TAGS :

Next Story