Quantcast

മന്ത്രി മുരളീധരന്‍ സത്യപ്രതിജ്ഞാലംഘനം നടത്തി, പാര്‍ലമെന്‍റില്‍ ഉന്നയിക്കും: എ എ റഹീം

പി സി ജോർജിന് നേരിട്ടെത്തി പിന്തുണ നൽകിയതിലൂടെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അധികാര ദുർവിനിയോഗം നടത്തിയെന്ന് എ എ റഹീം

MediaOne Logo

Web Desk

  • Published:

    1 May 2022 4:16 PM GMT

മന്ത്രി മുരളീധരന്‍ സത്യപ്രതിജ്ഞാലംഘനം നടത്തി, പാര്‍ലമെന്‍റില്‍ ഉന്നയിക്കും: എ എ റഹീം
X

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി സി ജോർജിന് നേരിട്ടെത്തി പിന്തുണ നൽകിയതിലൂടെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അധികാര ദുർവിനിയോഗം നടത്തിയെന്ന് എ എ റഹീം എം.പി. കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കുമെന്നും എം.പി പറഞ്ഞു. വർഗീയതയുടെ ബ്രാൻഡ് അംബാസഡർ ആയി മന്ത്രി വി മുരളീധരന്‍ മാറിയെന്നും എ എ റഹീം ഫേസ് ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ കേരളാ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോർജിന് നേരിട്ടെത്തി പിന്തുണ നൽകുകയും കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ച് നിയമാനുസൃതം പ്രവർത്തിച്ച പൊലീസിനു മേൽ സമ്മർദം സൃഷ്ടിക്കുകയും ചെയ്ത ശ്രീ വി മുരളീധരന്റെ നടപടി അധികാര ദുർവിനിയോഗമാണ്.

രാജ്യത്തിന്റെ മത സഹിഷ്ണുത തകർക്കാൻ ഹീനമായ വിദ്വേഷ പ്രചരണം നടത്തിയ ഒരു കുറ്റവാളിയ്ക്ക് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുക വഴി, കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കും. മതമൈത്രി തകർക്കാനും വർഗ്ഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി, സംഘപരിവാർ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വർഗീയ വിദ്വേഷ പ്രചരണങ്ങൾ. അതിന് കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്.

മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉപേക്ഷിച്ചിരിക്കുന്നു. അദ്ദേഹം വർഗീയതയുടെ ബ്രാൻഡ് അംബാസഡർ ആയി മാറിയിരിക്കുന്നു. വി മുരളീധരന്റെ നടപടിയിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു.


വി മുരളീധരൻ നടത്തിയത് അധികാര ദുർവിനിയോഗം : പ്രശ്നം പാർലമെന്റിൽ ഉന്നയിക്കും. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ കേരളാ...

Posted by A A Rahim on Sunday, May 1, 2022


TAGS :

Next Story