Quantcast

തസ്മിദിനെ കാണാതായിട്ട് 26 മണിക്കൂർ; നാഗർകോവിൽ കേന്ദ്രീകരിച്ചും പരിശോധന

കുട്ടിക്കായി കന്യാകുമാരിയിൽ തിരച്ചിൽ തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2024-08-21 08:24:51.0

Published:

21 Aug 2024 12:24 PM IST

തസ്മിദിനെ കാണാതായിട്ട് 26 മണിക്കൂർ; നാഗർകോവിൽ കേന്ദ്രീകരിച്ചും പരിശോധന
X

തിരുവനന്തപുരം: കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശിനി തസ്മിദ് തംസത്തിനെ (13) കാണാതായിട്ട് 26 മണിക്കൂർ പിന്നിട്ടു. കുട്ടി കന്യാകുമാരിയിലെത്തിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേരള-തമിഴ്നാട് പൊലീസുകൾ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുതലുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്. ബുധനാഴ്ച പുലർച്ചെ 5.30ന് കുട്ടിയെ കന്യാകുമാരി ചർച്ച് റോഡിൽ കണ്ടുവെന്ന് ഓട്ടോ ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്.

കുട്ടിക്കായി കന്യാകുമാരി ബീച്ചിലും നഗരത്തിലുമെല്ലാം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. നാഗർകോവിൽ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് പരിശോധന നടത്തി. നാഗർകോവിൽനിന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ കന്യാകുമാരിയിലെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കുട്ടി കന്യാകുമാരി ഭാഗത്തേക്ക് ട്രെയിനിൽ​ പോകുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. മറ്റൊരു യാത്രക്കാരിയാണ് ചിത്രം പകർത്തിയത്. ചിത്രം കുട്ടിയുടെ മാതാപിതാക്കൾ സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിക്കുകയായിരുന്നു.

TAGS :

Next Story