Quantcast

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറും ജയിൽ മോചിതന്‍

ദ്വാരപാലക കേസിലും സ്വഭാവികജാമ്യം ലഭിച്ചതോടെയാണ് പത്മകുമാർ ജയിൽ മോചിതനാകുന്നത്

MediaOne Logo

Web Desk

  • Published:

    4 March 2026 8:01 PM IST

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറും ജയിൽ മോചിതന്‍
X

കൊല്ലം: ശബരിമല സ്വർണക്കൊള്ളകേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ എ.പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിന് പിന്നാലെ ദ്വാരപാലക ശില്പ കേസിൽ കൂടി സ്വഭാവികജാമ്യം ലഭിച്ചതോടെയാണ് പത്മകുമാർ ജയിൽ മോചിതനാകുന്നത്. പ്രത്യേക അന്വേഷണ സംഘം ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് സ്വഭാവിക ജാമ്യം ലഭിക്കാൻ കാരണം.

2025 നവംബർ 20നാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ കട്ടിളപാളി കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡിസംബർ നാലിന് ദ്വാരപാലക ശില്പ കേസിലും എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തി. ആദ്യ കേസിൽ ഫെബ്രുവരി 20ന് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദ്വാരകാല ശില്പ കേസിൽ കൂടി ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാർ ജയിൽ മോചിതനാകുന്നത്.

കർശന ഉപാധികളോടെയാണ് പത്മകുമാറിന്റെയും ജാമ്യം. 2019ൽ പത്മകുമാർ ദേവസ്വം പ്രസിഡണ്ടായിയിരുന്ന സമയത്ത് സ്വർണക്കൊള്ള നടന്നു എന്നാണ് എസ്ഐടി കണ്ടെത്തൽ. കേസെടുത്തത് അല്ലാതെ പ്രാഥമിക കുറ്റപത്രമെങ്കിലും സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെയും ആയിട്ടില്ല.

കേസിലെ ആകെ ആറു പേർക്ക് സ്വഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെയും ജാമ്യം ലഭിച്ചു. മുരാരി ബാബു, സുധീഷ് കുമാർ, ഉണ്ണികൃഷ്ണൻ പോറ്റി, എൻ.വാസു, കെ.എസ് ബൈജു എന്നിവരാണ് പത്മകുമാറിന് മുൻപ് സ്വഭാവിക ജാമ്യം ലഭിച്ചവർ. എസ്.ശ്രീകുമാർ, തന്ത്രി കണ്ഠരര് രാജീവരര് എന്നിവർക്ക് വിജിലൻസ് കോടതി ജാമ്യം നൽകിയപ്പോൾ എസ്.ജയശ്രീക്ക് ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ആവശ്യപ്പെട്ട് പങ്കജ് ഭണ്ഡാരി സമർപ്പിച്ച അപേക്ഷയിൽ വിജിലൻസ് കോടതി അഞ്ചാം തീയ്യതി വാദം കേൾക്കും.


TAGS :

Next Story