Quantcast

പിതാവിന്റെ പേരിൽ നിർമിച്ച വീട്ടിൽ താമസിക്കാൻ പാകിസ്താനി പൗരൻ കേരളത്തിലെത്തുന്നു

2018ലാണ് ഈ പാക് - മലയാളി ജോഡികൾ വിവാഹിതരായത്

MediaOne Logo

Web Desk

  • Published:

    26 Jan 2024 8:32 AM IST

pakistani citizen coming to kerala
X

തൈമൂർ താരിഖും ഭാര്യ ശ്രീജയും

പിതാവിന്റെ പേരിൽ കോട്ടയത്ത് നിർമിച്ച വീട്ടിൽ താമസിക്കാൻ പാകിസ്താനി പൗരൻ തൈമൂർ താരിഖ് അടുത്തദിവസം കേരളത്തിലെത്തും. തന്റെ ഭാര്യയുടെ സ്വദേശമായ പുതുപ്പള്ളിയിലാണ് ഈ പാക് സ്വദേശി വീട് വെച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഇദ്ദേഹം കേരളത്തിലേക്ക് വരുന്നത്.

ഷാർജയിൽ വ്യവസായിയായ തൈമൂർ താരിഖ് കഴിഞ്ഞ ഓണക്കാലത്താണ് ആദ്യമായി കേരളത്തിലെത്തിയത്. ഓണം കൂടാനും ഭാര്യ ശ്രീജയുടെ വീടിനടുത്ത് പിതാവ് താരിഖിന്റെ പേരിൽ നിർമിച്ച വീട്ടിൽ താമസിക്കാനുമായിരുന്നു യാത്ര.

പക്ഷെ, അന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വില്ലനായി. തെരഞ്ഞെടുപ്പ് കാലമായതിനാൽ പുതുപ്പള്ളിയിലേക്ക് യാത്ര ചെയ്യാൻ അധികൃതർ ഇദ്ദേഹത്തിന് അനുമതി നൽകിയില്ല. ഒടുവിൽ തൃശൂരിലെ കൊടുങ്ങല്ലൂരിൽ താമസിച്ച് കേരളം ആസ്വദിച്ച് മടങ്ങി.

നീണ്ട വിസ നടപടി പൂർത്തിയാക്കി ഈമാസം 29ന് തൈമൂർ കേരളത്തിലേക്ക് വീണ്ടും യാത്രതിരിക്കും. താരിഖ് മൻസിലിൽ കുടുംബത്തോടൊപ്പം താമസിക്കും.

ടിക് ടോക്ക് അടക്കം സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് പാകിസ്താനിയായ തൈമൂർ താരിഖും ഭാര്യ ശ്രീജ ഗോപാലും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2018 ലാണ് ഈ പാക് - മലയാളി ജോഡികൾ വിവാഹിതരായത്. ആദ്യമായി വീട്ടിലെത്തുന്ന പാകിസ്താനി മരുമകനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പുതുപ്പള്ളിയിലെ ബന്ധുക്കൾ.


TAGS :

Next Story