Quantcast

കാറിടിച്ച് നിർത്താതെ പോയി; ആലുവയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഏഴുവയസുകാരൻ ആശുപത്രി വിട്ടു

പിതാവിനൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെയാണ് നിഷികാന്ത് റോഡിലേക്ക് തെറിച്ചുവീണത്. പിന്നാലെ വന്ന കാർ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    23 Feb 2024 8:55 PM IST

കാറിടിച്ച് നിർത്താതെ പോയി; ആലുവയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഏഴുവയസുകാരൻ ആശുപത്രി വിട്ടു
X

കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽവെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴുവയസുകാരൻ ആശുപത്രിവിട്ടു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിഷികാന്താണ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്. കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു നിഷികാന്ത്.

ഫെബ്രുവരി 13 ന് രാവിലെ പിതാവിനൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെയാണ് നിഷികാന്ത് റോഡിലേക്ക് തെറിച്ചുവീണത്. പിന്നാലെ വന്ന കാർ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഷികാന്തിനെ നാട്ടുകാർ ചേർന്നാണ് രാജഗിരി ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ തലയ്ക്കും ആന്തരാവയവങ്ങൾക്കും സാരമായി പരിക്കുളളതായി കണ്ടെത്തിയിരുന്നു.

രാജഗിരിയിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം മേധാവി ഡോ. സൗമ്യ മേരി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചായിരുന്നു പിന്നീടുളള ചികിത്സ. തലച്ചോറിനുണ്ടായ പരിക്കിനെ തുടർന്ന് മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു നിഷികാന്ത്. തലച്ചോറിലെ വീക്കം നിയന്ത്രണത്തിലാക്കുകയായിരുന്നു പ്രധാന വെല്ലുവിളി. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർമാരും ചികിത്സയിൽ പങ്കാളികളായി. തലച്ചോറിലെ വീക്കം കുറഞ്ഞതോടെ നിഷികാന്തിന്റെ ചികിത്സാ ചുമതല പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ.ദർശൻ ജയറാം ഏറ്റെടുത്തു. ചിട്ടയായ ഫിസിയോ തെറാപ്പി കൂടി ലഭിച്ചതോടെ നിഷികാന്ത് ആരോഗ്യം വീണ്ടെടുത്തു.

പിതാവ് പ്രജിത്ത് ഓടിച്ച ഓട്ടോയിൽ പിൻ സീറ്റിലിരുന്ന് സഞ്ചരിക്കുകയായിരുന്നു നിഷികാന്തും സഹോദരിയും. ഇതിനിടെയാണ് റോഡിലേക്ക് തെറിച്ചുവീണത്. അപകടം നടന്ന പ്രദേശത്തെ കടയിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് ഓട്ടോയുടെ പിന്നാലെ വന്ന കാർ ശരീരത്തിൽ കയറിയിറങ്ങിയതാണ് പരിക്കിന് കാരണമെന്ന് കണ്ടെത്താൻ സഹായിച്ചത്.

TAGS :

Next Story