Quantcast

'ഭാര്യയുടെ മഹർ പണയം വെച്ചും ഹജ്ജിന് പോണ്ട പണം കൊടുത്തിട്ടും വാങ്ങിയ സ്ഥലമാണ്...'; സർക്കാർ സ്‌കൂളിനായി ഒരു ഗ്രാമം കാത്തിരുന്നത് നാലു പതിറ്റാണ്ട്

സുപ്രിം കോടതി വിധിയിലുടെ മലപ്പുറം എലമ്പ്രത്ത് സ്‌കൂൾ എന്ന സ്വപ്നം യാഥാർഥ്യമാവുന്നു

MediaOne Logo

Web Desk

  • Published:

    26 Nov 2025 2:07 PM IST

ഭാര്യയുടെ മഹർ പണയം വെച്ചും ഹജ്ജിന് പോണ്ട പണം കൊടുത്തിട്ടും വാങ്ങിയ സ്ഥലമാണ്...; സർക്കാർ സ്‌കൂളിനായി ഒരു ഗ്രാമം കാത്തിരുന്നത് നാലു പതിറ്റാണ്ട്
X

മലപ്പുറം: നാട്ടിലൊരു സർക്കാർ സ്‌കൂൾ എന്ന സ്വപ്‌നത്തിന് പിന്നിൽ ഒരു നാട് ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് സുപ്രിം കോടതിയിൽ നിന്ന് മഞ്ചേരി എലമ്പ്രക്കാർക്ക് ലഭിച്ച അനുകൂല വിധി. നാലു പതിറ്റാണ്ടുകൊണ്ട് ഇവർ മറികടന്ന പ്രതിസന്ധികൾക്ക് കൈയ്യും കണക്കുമില്ല. 'ഭാര്യയുടെ മഹർ പണയം വെച്ചും ഹജ്ജിന് പോണ്ട പണം കൊടുത്തിട്ടും വാങ്ങിയ സ്ഥലമാണ് ഇതെന്ന സ്‌കൂൾ സമിതി ചെയർമാൻ മുഹമ്മദ് ഫൈസിയുടെ വാക്കിലുണ്ട് നാട്ടിലൊരു സർക്കാർ സ്‌കൂൾ എന്ന ഈ നാട്ടുകാരുടെ സ്വപ്‌നത്തിന്റെ തീവ്രത.

സുപ്രിംകോടതിയിൽ നിന്നുള്ള അനുകൂല വിധിയെ നാടിന്റെ വിജയമായാണ് മുഹമ്മദ് ഫൈസി കാണുന്നത്. 1983 ലാണ് സെന്റിന് 200 രൂപക്ക് സ്‌കൂളിനുള്ള സ്ഥലം നാട്ടുകാർ വാങ്ങിയത്. ഇന്നത് കോടികൾ വിലയുള്ള ഭൂമിയാണ്. പണമല്ല തങ്ങളുടെ മക്കൾക്ക് നാട്ടിൽ തന്നെ പഠിക്കാനുള്ള സ്‌കൂളാണ് വേണ്ടത് എന്ന തീരുമാനമാണ് സുപ്രിംകോടതി വിധിയിലൂടെ പൂർത്തിയാവുന്നത്. എലമ്പ്രയിലും സമീപത്തുമായി മൂന്ന് അങ്കണവാടികളുണ്ട്. ഇവിടത്തെ പഠനം കഴിഞ്ഞാൽ കുട്ടികൾ ദൂരെയുള്ള സ്‌കൂളുകളിലേക്കാണ് പോവുന്നത്.

കുട്ടികൾക്ക് സ്‌കൂളിൽ പോകുവാനുള്ള വാഹനത്തിന്റെ വാടക താങ്ങാൻ കഴിയാത്ത നിരവധി പേരുണ്ട് . നാട്ടിൽ പുതിയ സർക്കാർ സ്‌കൂൾ വരുന്നത് അവർക്ക് വലിയ സഹായമാവുമെന്ന് സ്‌കൂൾ സമിതി ഭാരവാഹികൾ പറയുന്നു. നിശ്ചിത ദൂരപരിധിയിൽ പ്രാഥമിക സ്‌കൂൾ സൗകര്യമില്ലാത്ത ഇടങ്ങളിൽ സർക്കാർ സ്‌കൂൾ സജ്ജമാക്കാൻ ചൊവ്വാഴ്ചയാണ് സുപ്രിംകോടതി കേരളത്തോട് നിർദേശിച്ചത്. മലപ്പുറം മഞ്ചേരിയിലെ എലമ്പ്രയിൽ എൽപി സ്‌കൂളുകൾ സ്ഥാപിക്കുന്നത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് നിർദേശം. എലമ്പ്രയിൽ സർക്കാർ യുപി സ്‌കൂൾ ആരംഭിക്കണമെന്ന് മഞ്ചേരി നഗരസഭ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതിരുന്നതോടെയാണ് വിഷയം കോടതി കയറിയത്. ഒരേക്കർ ഭൂമി നാട്ടുകാർ കണ്ടെത്തിയെന്നും കെട്ടിടം ഒരുക്കാൻ നഗരസഭ തയ്യാറാണ് എന്നുമായിരുന്നു വാദം. സ്‌കൂൾ സ്ഥാപിക്കാൻ 2020 ൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അത് ചോദ്യം ചെയ്താണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.

TAGS :

Next Story