‘തന്റെ പ്രസംഗം തടസ്സപ്പെടുത്തി സഭ സുഗമമായി നടത്താമെന്ന് കരുതരുത്’; പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ വാക്പോര്
മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താൻ ആണ് സ്പീക്കർ തന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ആരോപിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനും,സ്പീക്കർ എ.എൻ ഷംസീറും തമ്മിലുള്ള വാക്പോരിൽ സ്തംഭിച്ച് നിയമസഭ. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗത്തിനിടെ സ്പീക്കർ ഇടപെട്ടതോടെയാണ് പ്രതിപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കടന്നത്. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താൻ ആണ് സ്പീക്കർ തന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതെന്ന് വി.ഡി സതീശൻ ആരോപിച്ചു
ഇന്നലത്തെതിന് സമാനമായിരുന്നു സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലുള്ള സഭയിലെ വാക് പോര്. അടിയന്തര പ്രമേയത്തിന് മന്ത്രിമാർ മറുപടി നൽകിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗം ആരംഭിച്ചു. പ്രസംഗം തുടങ്ങി ഒമ്പതാം മിനിട്ട് എത്തിയതോടെ സ്പീക്കർ ഇടപെട്ടു. പ്രസംഗം പതിമൂന്നാം മിനിറ്റിലേക്ക് കടന്നതോടെ സ്പീക്കർ വീണ്ടും ഇടപെട്ടു
തന്റെ പ്രസംഗം തടസ്സപ്പെടുത്തി സഭ സുഗമമായി നടത്താമെന്ന് കരുതരുതെന്ന് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി സ്പീക്കർക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ അംഗങ്ങളെ തിരിച്ചു വിളിക്കണമെന്ന് സ്പീക്കർ. താനല്ല പ്രശ്നത്തിന് തുടക്കം കുറിച്ചതെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. ഇതോടെ നടപടികൾ സ്പീക്കർ വേഗത്തിലാക്കി, ധനാഭ്യർത്ഥനകളും ബില്ലുകളും പാസാക്കി സഭ പിരിഞ്ഞു.
Adjust Story Font
16

