കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടി യുവാവ് മരിച്ചു
തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്

കൊച്ചി: കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് ചാടി യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. വടക്കേ കോട്ടയ്ക്കും എസ്എൻ ജംഗ്ഷനും ഇടയിലായിരുന്നു സംഭവം.
ആളുൾ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പാളത്തിൽ നിന്ന് റോഡിലേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള മെട്രോ ട്രെയിൻ സർവീസ് ഏറെനേരം നിർത്തിവെച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലെത്തി ടിക്കറ്റെടുത്ത ശേഷമാണ് ഇയാൾ മെട്രോ ട്രാക്കിലേക്ക് നടന്നുനീങ്ങിയത്. ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയതോടെ നാട്ടുകാർ അഗ്നിശമനസേനയെ വിവരമറിയിച്ചു. ഇവരെത്തി യുവാവിനെ രക്ഷപ്പെടുത്താൻ താഴെ വല വിരിച്ചു. ഇതിൽ വീഴാതിരിക്കാനായി യുവാവിൻ്റെ പിന്നീടുള്ള ശ്രമം. തുടർന്ന് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു.
സംഭവത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അന്വേഷണം പ്രഖ്യാപിച്ചു. മെട്രോയിൽ സുരക്ഷ വർധിപ്പിക്കാനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനമെടുത്തു.
Adjust Story Font
16

