നവജാതശിശുവിനെ തട്ടിക്കൊണ്ടു പോകൽ; പ്രതിയെ റിമാൻഡ് ചെയ്തു
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് യുവതി നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത് ആൺസുഹൃത്തിനെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു

കോട്ടയം മെഡിക്കൽ കോളജിൽ നിന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ നീതു രാജിനെ കോടതി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഈ മാസം 21 വരെയാണ് റിമാൻഡ് കാലാവധി. നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റുമെന്നും ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് യുവതി നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത് ആൺസുഹൃത്തിനെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ആൺസുഹൃത്തിന്റെ കുഞ്ഞാണെന്ന് വിശ്വസിപ്പിക്കാനാണ് നീതു രാജ് കുറ്റകൃത്യം നടത്തിയെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ പറഞ്ഞു. ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.
നീതുവിന് ആൺ സുഹൃത്തുമായി ഉണ്ടായിരുന്ന ബന്ധം നിലനിർത്താൻ വേണ്ടി നടത്തിയ ശ്രമമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ നീതു സമ്മതിച്ചിരുന്നു. ഇപ്പോൾ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്. ആരോഗ്യവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. കോട്ടയത്തെ മെഡിക്കൽ കോളജിലെത്തി ആരോഗ്യമന്ത്രി വീണ ജോർജ് കുഞ്ഞിനെയും അമ്മയെയും ബന്ധുക്കളെയും കണ്ടു. കുഞ്ഞുമായി നീതു ഹോട്ടലിലേക്ക് പോകുന്ന ദൃശ്യങ്ങൾ മീഡിയവൺ പുറത്തുവിട്ടിരുന്നു.കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിനെ നഴ്സിന്റെ വേഷത്തിലെത്തി നീതു മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ചികിത്സക്കെന്ന വ്യാജേന അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കടന്നു കളഞ്ഞ നീതുവിനെ അടുത്തുള്ള ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ശേഷം കുഞ്ഞിനെ അമ്മക്ക് പൊലീസ് കൈമാറി.
Adjust Story Font
16

